ന്യൂഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘‘അഭൂതപൂർവമായ സാഹചര്യങ്ങൾക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിർഭർ കാഴ്ചപ്പാടോടെയുള്ളതുമാണ് ബജറ്റ്. യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയും ജീവിതസൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്’’ -പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളിലേക്കു ഭാരം വരുന്ന ബജറ്റായിരിക്കുമിതെന്ന് പല വിദഗ്‌ധരും പ്രവചിച്ചിരുന്നു. എന്നാൽ, തങ്ങൾ ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണു നൽകിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർധിപ്പിക്കും. അടിസ്ഥാനസൗകര്യം ഏർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവെച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ കൂടുതൽ ശ്രദ്ധ നൽകി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കർഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്നു കാണിക്കുന്നെന്നും മോദി കൂട്ടിച്ചേർത്തു.

കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചു. കർഷകർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. കാർഷിക വികസന ഫണ്ടിന്റെ സഹായത്തോടെ എ.പി.എം.സി. വിപണികളെ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: PM Narendra Modi Union Budget