ന്യൂഡൽഹി: വനിതാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ കൈകാര്യംചെയ്തത് വിവിധ മേഖലയിൽ കഴിവുതെളിയിച്ച ഏഴ് വനിതാപ്രതിഭകൾ. രാജ്യത്തെ പ്രചോദിപ്പിച്ച വനിതകൾക്ക് വനിതാദിനത്തിൽ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ വിട്ടുനൽകുമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ അക്കൗണ്ടുകളിൽ ഏഴുവനിതകളെക്കുറിച്ചുള്ള വിവരങ്ങൾ മോദി പങ്കുവെച്ചു. രാവിലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി വനിതാദിനാശംസകൾ നേർന്നു. ‘ലോക വനിതാദിനത്തിൽ ആശംസകൾ. സ്ത്രീശക്തിയുടെ ഉത്സാഹത്തിനും വിജയങ്ങൾക്കും ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് പറഞ്ഞതുപോലെ ഞാൻ സാമൂഹികമാധ്യമ അക്കൗണ്ട് സൈൻ ഓഫ് ചെയ്യുന്നു. വിജയം കൈവരിച്ച ഏഴുവനിതകൾ എന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ അവരുടെ ജീവിതയാത്രകൾ ദിവസംമുഴുവൻ നിങ്ങളുമായി പങ്കുവെക്കും’ -മോദി ട്വീറ്റ് ചെയ്തു.
സ്നേഹ മോഹൻദാസ് സന്നദ്ധസംഘടനയായ ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്നേഹ മോഹൻദാസാണ് പ്രധാനമന്ത്രിയുടെ ട്വിറ്ററിൽ ആദ്യകുറിപ്പ് പോസ്റ്റുചെയ്തത്. തന്നെക്കുറിച്ചുള്ള വീഡിയോയും അവർ പങ്കുവെച്ചു.
ഡോ. മാളവിക അയ്യർ പതിമ്മൂന്നാം വയസ്സിൽ ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ഇരുകൈപ്പത്തിയും നഷ്ടപ്പെടുകയുംചെയ്ത ഡോ. മാളവികയാണ് മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ രണ്ടാമതെത്തിയത്. പ്രതിസന്ധികൾ തരണംചെയ്ത് പിഎച്ച്.ഡി. നേടുകയും ജോലി സ്വന്തമാക്കുകയും ചെയ്തതിനെക്കുറിച്ച് മാളവിക വീഡിയോയിലൂടെ വിശദീകരിച്ചു.
ആരിഫാ ജാൻ മൂന്നാമതെത്തിയത് ജമ്മുകശ്മീർ സ്വദേശിനിയായ സംരംഭക ആരിഫാ ജാൻ. കശ്മീരിലെ വനിതാ കരകൗശലനിർമാതാക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് അവർ ട്വിറ്ററിൽ തന്നെക്കുറിച്ചുള്ള വീഡിയോക്കൊപ്പം കുറിച്ചു.
കല്പന രമേഷ് ആർക്കിടെക്ടായ ഹൈദരാബാദ് സ്വദേശിനി കല്പന രമേഷാണ് തുടർന്ന് മോദിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യംചെയ്തത്. ഭാവിതലമുറയ്ക്കുവേണ്ടി താൻ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചാണ് കല്പന വീഡിയോയിലൂടെ വിശദമാക്കിയത്.
വിജയ പവാർ മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയിലെ ബൻജാര സമുദായത്തിൽപ്പെട്ട കലാകാരിയായ വിജയ പവാറായിരുന്നു അടുത്തയാൾ. രണ്ടുദശാബ്ദമായി താൻ ബൻജാര സമുദായത്തിലെ കരകൗശലവസ്തുക്കളുടെ നിർമാണമേഖലയിൽ പ്രവർത്തിക്കുകയാണെന്ന് വിജയ ട്വീറ്റ് ചെയ്തു. മറ്റുവനിതകൾക്കൊപ്പം കരകൗശലവസ്തുക്കൾ നിർമിക്കുന്ന വീഡിയോയും ഇവർ പങ്കുവെച്ചു.
കലാവതി ദേവി പരിസരശുചിത്വത്തിനുവേണ്ടി പ്രവർത്തിക്കുന്ന കാൺപുർ സ്വദേശിനി കലാവതി ദേവിയാണ് ആറാമതായി പ്രധാനമന്ത്രിയുടെ ട്വിറ്ററിലൂടെ സംവദിച്ചത്. പൊതുസ്ഥലത്തെ മലമൂത്രവിസർജനം തടയാൻ പണം കണ്ടെത്തി ശൗചാലയങ്ങൾ നിർമിക്കുന്നതിലൂടെ ശ്രദ്ധേയയായ ഇവർ തന്റെ പ്രവർത്തനത്തെക്കുറിച്ച് വീഡിയോയിലൂടെ വിശദീകരിച്ചു.
വീണാദേവി കൂൺകൃഷിയിലൂടെ ശ്രദ്ധേയയായ ബിഹാർ സ്വദേശിനി വീണാദേവിയാണ് ഏറ്റവുമൊടുവിൽ മോദിയുടെ ട്വിറ്റർ കൈകാര്യംചെയ്തത്. പ്രതിസന്ധികളെ അതിജീവിച്ച് താൻ കടന്നുവന്ന വഴികളെക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റുചെയ്ത വീഡിയോയിൽ അവർ വ്യക്തമാക്കി.
Content Highlights: PM Narendra Modi Social Media