ന്യൂഡൽഹി: പൊതുമേഖലയുടെ സ്വകാര്യവത്കരണം സർക്കാർ ഊർജിതമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ നികുതിദായകരുടെ പണംകൊണ്ട് നിലനിർത്തേണ്ടതില്ല. അത് ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. എണ്ണ, വൈദ്യുതി മേഖലകളിൽ അത്തരത്തിലുള്ള നൂറോളം യൂണിറ്റുകൾ സ്വകാര്യവത്കരിക്കും. രണ്ടരലക്ഷം കോടിരൂപ അതുവഴി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റിലെ സ്വകാര്യവത്കരണ സമീപനത്തെക്കുറിച്ചുള്ള വെബിനാറിലാണ് ബിസിനസ് നടത്തുകയല്ല സർക്കാരിന്റെ ബിസിനസ് എന്ന് വ്യക്തമാക്കി സ്വകാര്യവത്കരണത്തെയും വൻതോതിലുള്ള ഓഹരിവിറ്റഴിക്കലിനെയും കുറിച്ച് പ്രധാനമന്ത്രി നിലപാട് വിശദീകരിച്ചത്.

സംരംഭങ്ങൾക്കും ബിസിനസിനും വേണ്ട പിന്തുണ നൽകലാണ് സർക്കാരിന്റെ ചുമതല. സംരംഭങ്ങളുടെ ഉടമസ്ഥത സർക്കാരിന് ഉണ്ടാവേണ്ടതില്ല. ഓഹരിവിൽപ്പനയിലൂടെ ലഭിക്കുന്ന പണം വെള്ളം, ശുചീകരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവഴിക്കാം. സ്വകാര്യമേഖല ലോകത്തിലെ മികച്ച മാതൃകകൾ നടപ്പാക്കും. മികച്ച മാനേജർമാരെ നിയോഗിച്ച് മാറ്റങ്ങൾ കൊണ്ടുവരും. ആധുനീകരണം നടപ്പാക്കും. ആണവോർജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകളിലേത് ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽ സർക്കാർ ഉറച്ചനിലപാടിലാണ്.

വൈദ്യുതി, പെട്രോളിയം, കൽക്കരി, ധാതുക്കൾ, ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ സർക്കാർ പേരിനുമാത്രമേ പ്രവർത്തിക്കൂ. ആധുനികീകരിക്കുക, പണമാക്കി മാറ്റുക എന്നതാണ് നാം പിന്തുടാൻ പോകുന്ന ആദർശലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Content Highlights: PM Narendra Modi Privatisation