ന്യൂഡൽഹി: രാഷ്ട്രീയ തൊട്ടുകൂടായ്മയിൽ ബി.ജെ.പി. വിശ്വസിക്കുന്നില്ലെന്നും സമവായത്തിനാണ് മൂല്യം നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിനെ ഭൂരിപക്ഷംകൊണ്ട് നടത്താം. എന്നാൽ, സമവായത്തിലൂടെ മാത്രമേ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. ദീൻദയാൽ ഉപാധ്യായയുടെ അമ്പത്തിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി. എം.പി.മാർക്കായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തേക്കാൾ (രാജ്‌നീതി) രാഷ്ട്രതാത്‌പര്യമാണ് (രാഷ്ട്രനീതി) ബി.ജെ.പി. ഉയർത്തിപ്പിടിക്കുന്നത്. രാഷ്ട്രീയ എതിരാളികളെയും ബി.ജെ.പി. ആദരിക്കും. രാജ്യത്തിന് നൽകിയ സേവനത്തിന്റെ അടിസ്ഥാനത്തിൽ എതിർപാർട്ടികളിലെ നേതാക്കളോടുപോലും തന്റെ സർക്കാർ ആദരവുകാട്ടും. അതുകൊണ്ടാണ് മുൻ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജിക്ക് ഭാരതരത്നയും അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയിക്കും മുൻ നാഗാലാൻഡ് മുഖ്യമന്ത്രി എസ്.സി. ജാമിറിനും പദ്മ പുരസ്കാരങ്ങളും നൽകി ആദരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഇപ്പോൾ ഒട്ടേറെ അനുകൂലമാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മഹാന്മാരുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ബി.ജെ.പി.യുടെ രാഷ്ട്രീയത്തിൽ ദേശീയതയാണ് പരമപ്രധാനം. രാഷ്ട്രീയത്തിലെ സമവായത്തിലാണ് ബി.ജെ.പി. വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.

ആത്മനിർഭർ ഭാരതത്തിനുപിന്നിൽ ദീൻദയാൽ ഉപാധ്യായയുടെ ആശയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലുംതരത്തിലുള്ള സമ്മർദത്തിന് വഴങ്ങാതെ വിദേശനയങ്ങളിലടക്കം ഈ സമീപനമാണ് സ്വീകരിക്കുന്നത്. 1965-ലെ ഇന്തോ-പാക് യുദ്ധകാലത്ത് വിദേശരാജ്യങ്ങളെയാണ് ആയുധങ്ങൾക്കായി ഇന്ത്യ ആശ്രയിച്ചത്. ആ സമയത്ത്, കൃഷിയിൽ മാത്രമല്ല പ്രതിരോധരംഗത്തും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നാണ് ദീൻദയാൽ ഉപാധ്യായ പറഞ്ഞതെന്ന് മോദി ചൂണ്ടിക്കാട്ടി.

Content highlights: PM Narendra Modi New Delhi