ന്യൂഡൽഹി: ആത്മനിർഭർ ഭാരത് അഭിയാൻ കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും ദേശീയവികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത്തിൽ അഭിപ്രായപ്പെട്ടു.

രാജ്യത്തെ വസ്തുക്കളിൽ അഭിമാനം കൊള്ളുകയാണ് ആത്മനിർഭർ ഭാരതിന്റെ ആദ്യ നിബന്ധന. അപ്പോൾ അത് കേവലം സാമ്പത്തിക അഭിയാൻ മാത്രമായി മാറാതെ ദേശീയ വികാരമായിത്തിരുന്നു. രാജ്യത്തുണ്ടാക്കിയ യുദ്ധവിമാനമായ ‘തേജസ്സ്’ ആകാശത്തു നടത്തുന്ന അത്‌ഭുത പ്രകടനങ്ങൾ കാണുമ്പോൾ, ഇന്ത്യയിൽ നിർമിച്ച ടാങ്കുകളും മിസൈലുകളും അഭിമാനം കൂട്ടുമ്പോൾ, സമ്പന്നരാഷ്ട്രങ്ങളിലെ മെട്രോ തീവണ്ടികളിൽ ഇന്ത്യൻ നിർമിത കോച്ചുകൾ കാണുമ്പോൾ, ഡസൻ കണക്കിനു രാഷ്ട്രങ്ങളിൽ ഇന്ത്യൻ നിർമിത കൊറോണ വാക്സിൻ എത്തുന്നതു കാണുമ്പോൾ നമ്മുടെ ശിരസ്സ് ഉയരുന്നു -പ്രധാനമന്ത്രി പറഞ്ഞു.

വലിയ വസ്തുക്കളുടെ നിർമാണം മാത്രമേ ഇന്ത്യയെ ആത്മനിർഭരമാക്കുകയുള്ളൂ എന്നില്ല. ഇന്ത്യയിലുണ്ടാക്കിയ വസ്ത്രം, കരകൗശല വസ്തുക്കൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ എന്നിങ്ങനെ ഓരോ മേഖലയിലും ഈ അഭിമാനം ഉയർത്താൻ കഴിയണം. ഈ ചിന്തയോടെ മുന്നോട്ടു പോകുമ്പോൾ മാത്രമേ, യഥാർഥത്തിൽ ആത്മനിർഭർ ആകുകയുള്ളൂ. ആത്മനിർഭർ ഭാരത് അഭിയാനിൽ ശാസ്ത്രത്തിന്റെ സംഭാവന വളരെ വലുതാണ്. രാജ്യത്തെ ഓരോ പൗരനും സ്വന്തം ജീവിതത്തിൽ ഓരോ മേഖലയിലും ശാസ്ത്രത്തെ പ്രാവർത്തികമാക്കുകയാണെങ്കിൽ പുരോഗതിയുടെ വഴികൾ തുറക്കും. പരീക്ഷകളുടെ സമയമാണ്. യുവാക്കൾ ചിരിച്ചുകൊണ്ട് പരീക്ഷയെഴുതാൻ പോകണം. പുഞ്ചിരിച്ചുകൊണ്ട് മടങ്ങുകയും വേണം. മറ്റാരോടുമല്ല, അവനവനോടായിരിക്കണം മത്സരം -അദ്ദേഹം പറഞ്ഞു.

Content Highlights: PM Narendra Modi Mann Ki Baat