‌ലഖ്നൗ: ചരക്കുഗതാഗത ഇടനാഴി പദ്ധതികളിൽ മുൻസർക്കാരുകൾ കാലതാമസം വരുത്തിയതായും റെയിൽവേയുടെ ആധുനികീകരണത്തെ അവഗണിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനം. ചരക്കുനീക്കത്തിനു മാത്രമായുണ്ടാക്കിയ ഇടനാഴിയുടെ ഉത്തർപ്രദേശിലെ ഭാവുപുർ-ഖുർജാ ഭാഗത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനസൗകര്യവികസന കാര്യങ്ങളിൽ രാഷ്ട്രീയമൊഴിവാക്കണമെന്നും 2006-ൽ അനുമതിലഭിച്ച പദ്ധതി ഇപ്പോഴാണ് യാഥാർഥ്യമായതെന്നും മോദി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനത്തിനെതിരായ പ്രതിഷേധങ്ങളെയും മോദി വിമർശിച്ചു. ഏതെങ്കിലും നേതാവിനോ രാഷ്ട്രീയപ്പാർട്ടിക്കോ വേണ്ടിയുള്ളതല്ല രാജ്യത്തിനുവേണ്ടിയുള്ളതാണ് ഇത്തരം പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.

പഞ്ചാബിലെ ലുധിയാനയിൽനിന്ന് പശ്ചിമബംഗാളിലെ കൊൽക്കത്തവരെ 1840 കിലോമീറ്റർ നീളുന്നതാണ് ചരക്ക് ഇടനാഴി.

Content Highlights: PM Narendra Modi Lucknow