ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്ക് സ്വകാര്യമേഖലയുടെ സംഭാവനകൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോകത്തിനു മുന്നിൽ ഇന്ത്യക്ക് സമീപകാലത്ത് കിട്ടിയ ഉന്നതസ്ഥാനം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ലഭിച്ചതാണെന്ന് കോവിഡ് മരുന്നിനെ അടിസ്ഥാനമാക്കി മോദി പരാമർശിച്ചു.

കാർഷിക പരിഷ്കരണ നിയമങ്ങൾ സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് മറുപടികൂടിയായിരുന്നു ഇത്. സ്വകാര്യമേഖലയെ നിന്ദിക്കുമ്പോൾ ചിലർക്ക് ചില വോട്ടുകൾ കിട്ടുന്ന അവസ്ഥ പണ്ടുണ്ടായിരുന്നു. ഇപ്പോൾ ആ സാഹചര്യം നിലനിൽക്കുന്നില്ല. പൊതുമേഖല രാജ്യത്തിന് അനിവാര്യമാണ്. സ്വകാര്യമേഖലയുടെ പങ്കാളിത്തവും അത്യാവശ്യമാണ്. ടെലികോം, ഫാർമ തുടങ്ങി ഏത് മേഖലകളെയും പരിശോധിക്കൂ. അവിടെയെല്ലാം സ്വകാര്യമേഖലയുടെ പങ്കാളിത്തമുണ്ട്. മോദി പറഞ്ഞു.

രാജ്യത്തെ കാർഷിക മേഖലയെ നവീകരിക്കേണ്ടത് അനിവാര്യമാണ്. കർഷകരെ മുഴുവൻ ആത്മനിർഭരാക്കണം. അതിനാണ് കാർഷിക പരിഷ്കരണ നിയമങ്ങൾ കൊണ്ടുവന്നത്. മാറ്റമില്ലാത്ത അവസ്ഥ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് ഭൂഷണമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: PM Narendra Modi Lok Sabha