ന്യൂഡൽഹി: വീണ്ടും അടച്ചിടൽ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങൾ തടയണമെന്നും രാജ്യം ഇപ്പോൾ തുറന്നിടൽ (അൺലോക്ക് )ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

തുറന്നിടലിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചിക്കണം. സാമ്പത്തികപ്രവർത്തനങ്ങൾ ഊർജിതമാക്കണം -കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ സമാപനത്തിൽ മോദി പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് തുടങ്ങി 15 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളുടെ മുഖ്യമന്ത്രിമാരാണ് ബുധനാഴ്ച കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ചൊവ്വാഴ്ച കേരളം അടക്കം 21 സംസ്ഥാനങ്ങൾ പങ്കെടുത്തിരുന്നു.

മികച്ച ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും പരിശീലനം സിദ്ധിച്ച മനുഷ്യവിഭവശേഷിയുമാണു കോവിഡ് വെല്ലുവിളിയെ നേരിടാൻവേണ്ട ഘടകങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ, വിവര സംവിധാനങ്ങൾ, വൈകാരിക പിന്തുണ, പൊതുജന പങ്കാളിത്തം എന്നിവ നിർണായകമാണ്. നിലവിലുള്ള പരിശോധനാ സൗകര്യങ്ങളെ പൂർണമായി ഉപയോഗിക്കുന്നതിനൊപ്പം പരിശോധനാ സൗകര്യങ്ങൾ നിരന്തരം മെച്ചപ്പെടുത്തണം. ആരോഗ്യ സേതു മൊബൈൽ ആപ്പ് കൂടുതലായി ഡൗൺലോഡ് ചെയ്ത സംസ്ഥാനങ്ങളിൽ ഗുണപരമായ ഫലങ്ങളാണു പ്രകടമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ സാമ്പത്തികമേഖലയിൽ പുനരുജ്ജീവനത്തിന്റെ സൂചനകൾ കാണുന്നു. പണപ്പെരുപ്പവും നിയന്ത്രണവിധേയമാക്കി. വരുംമാസങ്ങളിൽ മറുനാടൻ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: PM Narendra Modi Lockdown