ന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് എം.പി.യുമായ ഗുലാം നബി ആസാദിന് ചൊവ്വാഴ്ച വികാരനിർഭരമായ യാത്രയയപ്പ്. ആസാദുമായുള്ള ദീർഘകാലബന്ധം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ വിങ്ങിപ്പൊട്ടി. ഗുജറാത്തിൽനിന്നുള്ള വിനോദ സഞ്ചാരികൾക്കുനേരെ കശ്മീരിൽ ഭീകരാക്രമണമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായ ഗുലാംനബി ആസാദിന്റെ ഇടപെടൽ വിവരിക്കുമ്പോഴാണ് പ്രധാനമന്ത്രി കരഞ്ഞത്. വാക്കുകൾ കിട്ടാതെ പാടുപെട്ട അദ്ദേഹം ആസാദിനെ സല്യൂട്ട് ചെയ്തു.

‘‘സ്ഥാനങ്ങളും ഉയർന്നപദവികളും വരും. അധികാരം വരും. എന്നാൽ, ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. അദ്ദേഹം എനിക്ക് യഥാർഥ സുഹൃത്താണ്.’’ -പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വൈകാരികത സഭാംഗങ്ങളിലേക്കും പടർന്നു. ഗുലാംനബി പ്രധാനമന്ത്രിയുടെ വാക്കുകൾ കൈകൂപ്പി സ്വീകരിച്ചു. മറുപടി പ്രസംഗത്തിൽ അദ്ദേഹവും പലവട്ടം വികാരഭരിതനായി.

Content Highlights: PM Narendra Modi Ghulam Nabi Azad