ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മുതൽ 58 രാജ്യങ്ങൾ സന്ദർശിച്ചെന്നും ഇതിനു ചെലവായത് 517 കോടി രൂപയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രിയുടെ വിദേശസന്ദർശനത്തിന്റെ ഫലങ്ങളും അദ്ദേഹം വിശദീകരിച്ചു.

യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി അഞ്ചുതവണ പോയി. സിങ്കപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിൽ പലതവണ പോയി. 2019 നവംബർ 13, 14 തീയതികളിൽ നടത്തിയ ബ്രസീൽ യാത്രയാണ് അവസാനത്തേത്. ബ്രിക്‌സ് (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു ഇത്.

ഉഭയകക്ഷി, മേഖലാ, ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടെന്തെന്ന് മറ്റു രാജ്യങ്ങൾക്കു മനസ്സിലാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനമുതകിയെന്ന് മുരളീധരൻ പറഞ്ഞു.

Content Highlights: PM Narendra Modi foreign visits