ന്യൂഡൽഹി: കാർഷികമേഖലയിൽ പരിഷ്കരണം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇപ്പോൾതന്നെ അത് വൈകിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാറ്റവും ആധുനികതയും ആവശ്യമാണ്. കാർഷികരംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും കർഷകരുടെ വരുമാനം കൂട്ടുകയും പരമ്പരാഗതകൃഷിയോടൊപ്പം പുതിയരീതികൾ സ്വായത്തമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ അദ്ദേഹം പറഞ്ഞു.

പാലുത്‌പാദനം കൂട്ടിയ ധവളവിപ്ലവത്തിന്റെ സമയത്ത് പുതിയ രീതിയുടെ വിജയം നാം മനസ്സിലാക്കിയതാണ്. തേനീച്ചവളർത്തലൽ ഇതുപോലുള്ള പുതിയ രീതിയാണ്. ഒരു തേൻവിപ്ലവത്തിന്(സ്വീറ്റ് റവലൂഷൻ) അത് അടിത്തറ പാകുകയാണ്. തേനിൽനിന്നു മാത്രമല്ല, തേനീച്ചയുടെ മെഴുകിൽനിന്നും നല്ല വരുമാനം ലഭിക്കും. മരുന്ന്‌, ഭക്ഷ്യ, ടെക്സ്െറ്റെൽസ്, കോസ്‌മെറ്റിക്‌സ് വ്യവസായമേഖലയിൽ തേനീച്ചയുടെ മെഴുകിന് ധാരാളം ആവശ്യക്കാരുണ്ട്.

ലോകത്തിലെ ഏറ്റവുംവലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും അവരവരുടെ ഊഴംവരുമ്പോൾ വാക്സിൻ കുത്തിവെപ്പ് നടത്തണം. പലയിടങ്ങളിലും 100 കഴിഞ്ഞവർപോലും വാക്സിൻ സ്വീകരിച്ച വാർത്തകൾ വന്നിട്ടുണ്ട്. കേരളത്തിൽനിന്ന് ആനന്ദ് നായർ അയച്ച സന്ദേശത്തിൽ ‘വാക്സിൻ സേവനം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. കോവിഡ് പോരാളികൾ കഴിഞ്ഞ ഒരുവർഷമായി ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച മിഥാലി രാജിനെയും സ്വിസ് ഓപ്പൺ സൂപ്പർ 300 ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ ബാഡ്മിന്റൺതാരം പി.വി. സിന്ധുവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടു ദശകങ്ങളിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ മിഥാലി ആയിരക്കണക്കിന് ആളുകൾക്ക് പ്രേരണയായി. വനിതകൾക്കുമാത്രമല്ല, പുരുഷ ക്രിക്കറ്റർമാർക്കും അവർ പ്രേരണയാണ്.

പരിസ്ഥിതിക്കും സമൂഹത്തിനുംവേണ്ടി നിസ്സ്വാർഥമായി നല്ലകാര്യങ്ങൾ ചെയ്യുന്ന ചിലരെ മൻ കീ ബാത്തിൽ എടുത്തുപറഞ്ഞു. കോയമ്പത്തൂരിലെ ബസ് കണ്ടക്ടർ മാരിമുത്തു യോഗനാഥൻ യാത്രക്കാർക്ക് ടിക്കറ്റിനോടൊപ്പം സൗജന്യമായി വൃക്ഷത്തൈ നൽകുന്നത് മുക്തകണ്ഠം പ്രശംസനീയമാണ്.

Content Highlights: PM Narendra Modi Farm Laws