ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തിന്റെ ആദ്യദിവസംതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ കുത്തിവെച്ചത് മാതൃകാപരമാണെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. വാക്‌സിനെടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ കുത്തിവെപ്പോടെ അതു മാറുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ അഭിപ്രായപ്പെട്ടു.

വാക്‌സിനോടുള്ള മടി അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാക്കളും കുത്തിവെപ്പെടുക്കണമെന്ന് ഹർഷ് വർധൻ അഭ്യർഥിച്ചു. 60 വയസ്സിനു മുകളിലുള്ളവരും 45-ന് മുകളിലുള്ള രോഗമുള്ളവരും എം.പി.മാരും എം.എൽ.എ.മാരും ജനപ്രതിനിധികളുമെല്ലാം വാക്‌സിനെടുക്കണം. ജനങ്ങൾക്ക് അത് വലിയ സന്ദേശമാണു നൽകുക. രണ്ടു വാക്‌സിനുകളും സുരക്ഷിതമാണ്. ആദ്യംതന്നെ കുത്തിവെപ്പ് എടുത്തുകൊണ്ട് പ്രധാനമന്ത്രി മാതൃക കാട്ടിയതൽ നന്ദിയുണ്ട് -ഹർഷ് വർധൻ പറഞ്ഞു.

രോഗികൾക്കും ആശുപത്രിയിലെത്തുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ അതിരാവിലെയാണ് പ്രധാനമന്ത്രി എത്തിയതെന്ന്് എയിംസ് ഡയറക്ടർ ഗുലേരിയ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്‌സിൻ കുത്തിവെച്ച പുതുച്ചേരി സ്വദേശി പി. നിവേദ അപ്പോൾ മാത്രമേ കുത്തിവെപ്പിന്റെ കാര്യം അറിഞ്ഞുള്ളൂ. ആറരമണിയോടെ വാക്‌സിനെടുത്ത പ്രധാനമന്ത്രി അരമണിക്കൂർ നിരീക്ഷണത്തിലിരുന്നു. കുത്തിവെപ്പിനുശേഷം അദ്ദേഹത്തിന് അസ്വസ്ഥതകളൊന്നും ഉണ്ടായില്ല -ഗുലേരിയ പറഞ്ഞു.

Content Highlights: PM Narendra Modi Dr Harsh Vardhan