ന്യൂഡൽഹി: ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സഹായവും മാർഗനിർദേശവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപനവും പ്രതിരോധനടപടികളും സംബന്ധിച്ച് വ്യാഴാഴ്ചചേർന്ന‍ ഉന്നതതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷത്തിലധികം സജീവ കേസുകളുള്ള 12 സംസ്ഥാനങ്ങളിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

സമഗ്രമായ നിയന്ത്രണം ഉറപ്പാക്കാനുള്ള നടപടികൾ യോഗം ചർച്ചചെയ്തു. രോഗസ്ഥിരീകരണതോത് 10 ശതമാനം അല്ലെങ്കിൽ അതിൽക്കൂടുതലായ, ആശങ്കയുള്ള ജില്ലകളെ തിരിച്ചറിയാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജൻ സൗകര്യമുള്ള ഐ.സി.യു. കിടക്കകളിൽ 60 ശതമാനത്തിൽ കൂടുതൽ ഉപയോഗത്തിലാണെന്നും യോഗം അഭിപ്രായപ്പെട്ടു.

വാക്സിനേഷന്റെ പുരോഗതിയും വാക്സിനുകളുടെ ഉത്‌പാദനം വർധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പും പ്രധാനമന്ത്രി അവലോകനംചെയ്തു. ഏകദേശം 17.7 കോടി വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് വിതരണംചെയ്തിട്ടുണ്ട്. വാക്സിൻ പാഴാകുന്നതും ചർച്ചയായി. 45 വയസ്സിനുമുകളിലുള്ള അർഹരായ ജനസംഖ്യയുടെ 31 ശതമാനംപേർക്ക് കുറഞ്ഞത് ഒരു ഡോസ് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. വാക്സിനേഷന്റെ വേഗം കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. ലോക്‌ ഡൗൺ ഉണ്ടെങ്കിലും ജനങ്ങൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കണം. വാക്സിനേഷനിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ മറ്റുചുമതലകൾക്കായി നിയോഗിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിർമലാ സീതാരാമൻ, ഡോ. ഹർഷ്‌വർധൻ, പിയൂഷ് ഗോയൽ, മൻസുഖ് മാണ്ഡ്വിയ തുടങ്ങിയവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.

Content Highlights: PM Narendra Modi COVID 19