ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരും സമൂഹവും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ലോക്‌സഭാമണ്ഡലമായ വാരാണസിയിലെ ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ഞായറാഴ്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കയായിരുന്നു അദ്ദേഹം. വാരാണസിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

പരിശോധന, കണ്ടെത്തൽ, ചികിത്സ എന്നിങ്ങനെ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ നടപടികൾ രണ്ടാംവരവിലും പാലിക്കണം. വീടുകളിൽ കഴിയുന്ന രോഗികൾക്കും എല്ലാവിധ ചികിത്സയും എത്തിക്കണം. രാജ്യത്തെ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും പ്രതിസന്ധിയുടെ ഈ മണിക്കൂറുകളിൽ തങ്ങളുടെ ചുമതല ഏറ്റവും ആത്മാർഥമായി നിർവഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ശ്രദ്ധയോടെ മുന്നോട്ടുപോകണം.

വാരാണസിയിലെ രോഗവ്യാപനത്തിന്റെ തീവ്രത, പരിശോധനകൾ, വാക്സിനേഷൻ, കിടക്കകളുടെ ലഭ്യത, മരുന്നുകൾ തുടങ്ങിയവയും പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു.

Content Highlights: PM Narendra Modi Coronavirus