അമ്രേലി(ഗുജറാത്ത്): തേനീച്ചയെ വളര്‍ത്തി രാജ്യത്ത് മധുരവിപ്ലവത്തിന് തുടക്കമിടാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗരാഷ്ട്രയിലെ അമ്രേലി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ഹരിതവിപ്ലവത്തിനും ധവളവിപ്ലവത്തിനും ശേഷം ഇപ്പോള്‍ നീലവിപ്ലവത്തി(ബ്ലൂ റെവലൂഷന്‍)ന്റെയും മധുരവിപ്ലവത്തിന്റെയും കാലമാണ്. ഈ രണ്ട് വിപ്ലവങ്ങളിലൂടെ ജനങ്ങള്‍ക്ക് പുരോഗതി പ്രാപിക്കാനാകും. തേനീച്ച വളര്‍ത്തലിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനവും ലഭിക്കും. പാല്‍സംഘങ്ങള്‍ കര്‍ഷകരില്‍നിന്ന് തേന്‍ വാങ്ങി കൂടുതല്‍വില കിട്ടുന്നിടത്ത് വില്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

യാത്രകള്‍ക്കും മറ്റും കൂടുതലായി ജലമാര്‍ഗങ്ങള്‍ ഉപയോഗിച്ച് നീല വിപ്ലവത്തെയും വിജയമാക്കണം. ജലമാര്‍ഗങ്ങള്‍ ഉപയോഗിച്ച് സാധനങ്ങള്‍ ദൂരസ്ഥലത്തേക്ക് എത്തിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനാകുമെന്നും അദ്ദേഹം കര്‍ഷകരെ ഓര്‍മിപ്പിച്ചു.