ന്യൂഡൽഹി: രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു.

പൊതുരംഗത്തിനുനൽകിയ വിപുലമായ സംഭാവനകളുടെ പേരിലാണ് മുതിർന്ന രാഷ്ട്രീയനേതാവും എഴുത്തുകാരനും പണ്ഡിതനുമായ എം.പി. വീരേന്ദ്രകുമാർ അറിയപ്പെടുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു. “ദീർഘവും സ്തുത്യർഹവുമായ തന്റെ പൊതുജീവിതത്തിൽ എം.എൽ.എ., സംസ്ഥാന-കേന്ദ്ര മന്ത്രി, പാർലമെന്റംഗം എന്നീ നിലകളിൽ വീരേന്ദ്രകുമാർ പ്രവർത്തിച്ചിരുന്നു. മാതൃഭൂമി ദിനപത്രത്തെ നയിച്ചുകൊണ്ട് സാഹിത്യരംഗത്തെയും പത്രപ്രവർത്തന രംഗത്തെയും ശാക്തീകരിച്ച കരുത്തുറ്റ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിത്തട്ടുമായി നിരന്തരബന്ധം നിലനിർത്തിയിരുന്ന ഒരു വ്യക്തിത്വത്തെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ രാജ്യത്തിന്‌ നഷ്ടമായിരിക്കുന്നത്”- രാഷ്ട്രപതി പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. “പ്രഗല്‌ഭനായ ജനപ്രതിനിധിയെന്നനിലയിലും പാർലമെന്റേറിയൻ എന്ന നിലയിലും അദ്ദേഹം സമുന്നതനായിരുന്നു. പാവങ്ങൾക്കും താഴെത്തട്ടിലുള്ളവർക്കും പിന്തുണ നൽകുന്നതിലായിരുന്നു എക്കാലത്തും അദ്ദേഹത്തിന് വിശ്വാസം” -പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

content highlights:pm narendra modi and president ramnath kovind condoles death of mp veerendrakumar