അഹമ്മദാബാദ്: വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് പൗരാവകാശങ്ങൾ സംരക്ഷിക്കാനും അതുവഴി ഭരണഘടനയെ ശക്തിപ്പെടുത്താനും രാജ്യത്തെ നീതിപീഠത്തിനു കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ സമ്മേളനത്തിൽ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൃഷ്ടിപരവും രചനാത്മകവുമായ വ്യാഖ്യാനങ്ങളിലൂടെയാണ് കോടതി ഭരണഘടനയെ ബലപ്പെടുത്തുന്നത്. രാജ്യത്തിനു പരമപ്രാധാന്യം നൽകേണ്ടപ്പോൾ കോടതി അതു മനസ്സിലാക്കുകയും നിർവഹിക്കുകയും ചെയ്തു. കോവിഡ് കാലത്ത് ലോകത്ത് ഏറ്റവുംകൂടുതൽ കേസുകൾ വീഡിയോ കോൺഫറൻസുകൾ വഴി കേട്ടത് ഇന്ത്യയിലെ സുപ്രീംകോടതിയാണ്. ഭാവിയെ ലക്ഷ്യമിട്ട് നിർമിതബുദ്ധിയുടെ സേവനം ഇന്ത്യൻ കോടതികളിൽ ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവരും പ്രസംഗിച്ചു.

മോദി ഊർജസ്വലനും ദീർഘദർശിയും -സുപ്രീംകോടതി ജഡ്ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശംസകൾ ചൊരിഞ്ഞ് സുപ്രീംകോടതി ജഡ്ജി. ‘നമ്മുടെ ഏറ്റവും ജനപ്രിയനും സ്നേഹിക്കപ്പെടുന്നവനും ഊർജസ്വലനും ദീർഘദർശിയുമായ നേതാവ്’ എന്നാണ്

ജസ്റ്റിസ് എം.ആർ. ഷാ ചടങ്ങിൽ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. ഗുജറാത്തിൽനിന്നുള്ള സുപ്രീംകോടതി ജഡ്ജിയാണ് അദ്ദേഹം.

താൻ ദീർഘകാലം അഭിഭാഷകനും ജഡ്ജിയുമായി പ്രവർത്തിച്ച ഗുജറാത്ത് ഹൈക്കോടതി അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളിലും മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ മുൻപന്തിയിലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിലുള്ള സത്യസന്ധതയാണ് മോദിയുടെ ജനപ്രിയതയ്ക്ക് നിദാനമെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് പറഞ്ഞത്.

Content Highlights: PM Narendra Modi Ahmedabad