ന്യൂഡൽഹി: ഇന്ത്യയെ ലോകത്തെ വലിയ സൈനികശക്തിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടുത്തകാലത്ത് കൈക്കൊണ്ട പരിഷ്കരണങ്ങളും നടപടികളും പ്രതിരോധമേഖലയിൽ മുമ്പില്ലാത്തവിധത്തിൽ വിശ്വാസ്യതയും സുതാര്യതയും സൃഷ്ടിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഓർഡനൻ‌സ് ഫാക്ടറി ബോർഡിന് കീഴിൽ പുതുതായി സൃഷ്ടിച്ച ഏഴ് കമ്പനികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ദേശസുരക്ഷയ്ക്കായി ഇപ്പോൾ പൊതു-സ്വകാര്യമേഖലകൾ കൈകോർത്ത് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രതിരോധരംഗത്തെ കയറ്റുമതി 325 ശതമാനമാണ് വർധിച്ചത്. പുതിയ ഭാവിയുണ്ടാക്കാൻ ഇന്ത്യ പുതിയ പ്രതിജ്ഞകളിലാണ്. ഏഴ് കമ്പനികളുടെ സൃഷ്ടി സുശക്ത ഇന്ത്യയെക്കുറിച്ചുള്ള ഡോ. അബ്ദുൾ കലാമിന്റെ സ്വപ്നത്തെ ശക്തിപ്പെടുത്തും. മത്സരാധിഷ്ഠിത വിലയാണ് രാജ്യത്തിന്റെ കരുത്ത്. ഗുണമേന്മയും വിശ്വാസ്യതയുമാണ് വ്യക്തിത്വം.

സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ആയുധ ഫാക്ടറികളുടെ നിലവാരം ഉയർത്തുന്ന നടപടികൾ അവഗണിക്കപ്പെടുകയായിരുന്നു. അത് പ്രതിരോധരംഗത്ത് വിദേശരാജ്യങ്ങളോടുള്ള ആശ്രയത്വം വർധിപ്പിച്ചു. പുതുതായി സൃഷ്ടിച്ച ഈ ഏഴ് കമ്പനികൾ മാറുന്ന അവസ്ഥയിൽ പ്രധാന പങ്ക് വഹിക്കും-മോദി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പ്രതിരോധമന്ത്രി രാജനാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടുനൂറ്റാണ്ട്‌ പഴക്കമുള്ള 41 ഓർഡനൻസ് ഫാക്ടറി ബോർഡുകൾ വിഭജിച്ചാണ് പ്രതിരോധ മന്ത്രാലയം പുതുതായി ഏഴ് കമ്പനികൾക്ക് രൂപം കൊടുത്തത്. ബോർഡിന് കീഴിലുണ്ടായിരുന്ന 70,000 ജീവനക്കാരെ ഈ കമ്പനികളിലേക്ക് മാറ്റി. മുനിഷൻ ഇന്ത്യ ലിമിറ്റഡ്, ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്, അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ്പ് കംഫർട്‌സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്‌ടെൽ ലിമിറ്റഡ്, ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഏഴു കമ്പനികൾ.