അലിഗഢ്: 2017 -നുമുമ്പ് ഉത്തർപ്രദേശ് ഭരിച്ചത് ഗുണ്ടാസംഘങ്ങളും മാഫിയകളും ചേർന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, ഇപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിൻകീഴിൽ കാര്യങ്ങൾ മാറിയെന്നും അന്നത്തെ ഗുണ്ടകളെല്ലാം ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. അലിഗഢിലെ രാജ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവർക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ നേരത്തേ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നത് ഇത്തരം ഗുണ്ടാ സംഘങ്ങളാണ്. എന്നാൽ അവരെ അമർച്ച ചെയ്തതോടെ ഇപ്പോൾ അത്തരം തടസ്സങ്ങളില്ല. പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നു -മോദി പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായ രാജാ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ സ്മരണാർഥം സംസ്ഥാന സർക്കാരാണ് സർവകലാശാല സ്ഥാപിക്കുന്നത്. അലിഗഢ്‌ ഡിവിഷനിലെ 395 കോളേജുകൾക്ക് സർവകലാശാല അഫിലിയേഷൻ നൽകും. ഗവർണർ ആനന്ദിബെൻ പട്ടേൽ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ദിനേശ് ശർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിടുവായത്തരമെന്ന് അഖിലേഷ്

bbലഖ്നൗ: യു.പി.യിലെ മുൻസർക്കാരുകളുടെ ഭരണകാലത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ വിടുവായത്തരമാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാനനിലയുടെയും കുറ്റകൃത്യങ്ങളുടെയുമൊക്കെ കണക്കുകൾ ആഭ്യന്തരമന്ത്രാലയത്തിലും കേന്ദ്ര ഏജൻസികളുടെ പക്കലും ലഭ്യമാണ്. അവ പരിശോധിച്ചശേഷം പ്രസംഗിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. പുതിയ സർവകലാശാലകൾ തുടങ്ങുന്നത് നല്ല കാര്യം, അതോടൊപ്പം അവരുടെ പാർട്ടി കള്ളംപറച്ചിലിന്റെ ഏറ്റവും മികച്ച പരിശീലനകേന്ദ്രങ്ങളും നടത്തിവരികയാണ് -അഖിലേഷ് കുറ്റപ്പെടുത്തി.