കൊൽക്കത്ത: പൗരത്വനിയമഭേദഗതിക്കെതിരേ ഇന്ത്യയിലുയർന്ന വാദപ്രതിവാദങ്ങൾ പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനത്തെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താനുതകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. നിയമത്തെക്കുറിച്ച് ഒരുവിഭാഗം യുവാക്കൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

“ആരുടെയും പൗരത്വം എടുത്തുകളയാനല്ല, നൽകാനാണ് നിയമം ഭേദഗതിചെയ്തത്. ഇന്ന്, ദേശീയ യുവജനദിനത്തിൽ ഇന്ത്യയിലെ, പശ്ചിമബംഗാളിലെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കളോട് ഇക്കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പൗരത്വം നൽകാൻ ഒറ്റരാത്രികൊണ്ട്‌ പാസാക്കിയ നിയമമല്ല ഇത്. ഇന്ത്യയിലും അതിന്റെ ഭരണഘടനയിലും വിശ്വസിക്കുന്ന ലോകത്തെ ഏതുരാജ്യത്തെ, ഏതുമതത്തിൽപ്പെട്ടയാൾക്കും കൃത്യമായ പ്രക്രിയയിലൂടെ പൗരത്വത്തിന്‌ അപേക്ഷിക്കാം. അതിന് ഒരു പ്രശ്നവുമില്ല” -രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിൽ വിവേകാനന്ദജയന്തിദിനമായ ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

“ പൂർണമായ വ്യക്തതയുണ്ടെങ്കിലും രാഷ്ട്രീയതാത്പര്യമുള്ള ചിലർ പൗരത്വനിയമത്തെക്കുറിച്ച് മനഃപൂർവം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. പൗരത്വനിയമം ഭേദഗതിചെയ്യാനുള്ള നമ്മുടെ നിശ്ചയം ചർച്ചയുണ്ടാക്കി. 70 കൊല്ലമായി എന്തുകൊണ്ട് മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു എന്നതിന് ഉത്തരംകൊടുക്കാൻ ഇപ്പോൾ പാകിസ്താൻ ബാധ്യസ്ഥരായിരിക്കയാണ്. പാകിസ്താനിൽ മനുഷ്യാവകാശങ്ങൾ തകർക്കപ്പെടുകയാണ്” -മോദി പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ അഭിമാനമെന്ന്‌ വിശേഷിച്ച പ്രധാനമന്ത്രി, അവരുടെ സംസ്കാരം, പാരമ്പര്യം തുടങ്ങിയവയെ പൗരത്വനിയമം ബാധിക്കില്ലെന്ന് ഉറപ്പുനൽകി.

അതിനിടെ, േബലൂർ മഠത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണ മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദ പറഞ്ഞ.

“രാഷ്ട്രീയമില്ലാത്തവരാണ്‌ ഞങ്ങൾ. പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല. ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യൻ വിശ്വാസത്തിൽനിന്നുള്ള സന്ന്യാസികളെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണിത്. ഏകോദരസഹോദരങ്ങളെക്കാളും അടുപ്പത്തോടെയാണ്‌ ഞങ്ങൾ കഴിയുന്നത്” -അദ്ദേഹം പറഞ്ഞു.

Content Highlights: pm modi says caa made world aware of religious persecution in pakistan