ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് താഴേക്കാണെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വളര്‍ച്ച നിരക്കില്‍ കുറവുണ്ടായി. വളര്‍ച്ച വീണ്ടും തിരികെ പിടിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

''തുടര്‍ച്ചയായ മൂന്നുവര്‍ഷം ശരാശരി 7.5 ശതമാനം വളര്‍ച്ച നമ്മള്‍ നേടി. എന്നാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വളര്‍ച്ച കുറഞ്ഞു. വളര്‍ച്ചനിരക്ക് തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്''- ന്യൂ!ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് (ഐ.സി.എസ്.ഐ.) സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വളര്‍ച്ചനിരക്ക് 6.7 ശതമാനമായി കുറയുമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം വന്നതിനു തൊട്ടുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. നേരത്തേ, 7.3 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നായിരുന്നു ആര്‍.ബി.ഐ. പ്രവചിച്ചിരുന്നത്. ചരക്ക്-സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയതും ഖരീഫ് വിളകളുടെ ഉത്പാദനക്കുറവുമാണ് വളര്‍ച്ചനിരക്ക് കുറയാന്‍ കാരണമായി ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യമുണ്ടെന്ന വിമര്‍ശനങ്ങള്‍ മോദി തള്ളിക്കളഞ്ഞു. ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മൂന്നുവര്‍ഷം തുടര്‍ച്ചയായി വളര്‍ച്ചനിരക്ക് ഉയരുന്നതിന് രാജ്യം സാക്ഷ്യംവഹിച്ചു. സാമ്പത്തികവര്‍ഷത്തിലെ ഒരു പാദത്തില്‍ വളര്‍ച്ചനിരക്ക് അല്പം കുറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് 'ദോഷൈകദൃക്കുകളുടെ പെരുപ്പിച്ചുകാട്ടല്‍' മാത്രമാണ്. ഇതാദ്യമായല്ല വളര്‍ച്ചനിരക്ക് 5.7 ശതമാനമായി താഴുന്നതെന്ന കാര്യം മനസ്സിലാക്കണമെന്നും മോദി പറഞ്ഞു.

മുന്‍പാദത്തിലെ 6.1 ശതമാനത്തെ അപേക്ഷിച്ച് വളര്‍ച്ചനിരക്ക് 5.7 ശതമാനമായി കുറയുമെന്ന റിപ്പോര്‍ട്ട് കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയം കഴിഞ്ഞ മാസമാണ് പുറത്തുവിട്ടത്. നോട്ട് നിരോധനവും ജി.എസ്.ടി.യും മൂലമാണ് വളര്‍ച്ച കുറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്.

യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് വളര്‍ച്ചനിരക്ക് 5.7-ല്‍നിന്ന് എട്ട് പ്രാവശ്യമെങ്കിലും താഴേക്ക് പോയിട്ടുണ്ടെന്നും മോദി കുറ്റപ്പെടുത്തി. രാജ്യം വന്‍ പണപ്പെരുപ്പത്തിനും വിദേശനാണ്യക്കമ്മിക്കും ധനക്കമ്മിക്കും സാക്ഷിയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടക്കത്തിലുണ്ടായിരുന്ന പണപ്പെരുപ്പനിരക്ക് മൂന്ന് ശതമാനമെങ്കിലും കുറഞ്ഞു. അതുപോലെ, വിദേശനാണ്യക്കമ്മിയും ധനക്കമ്മിയും കുറയ്ക്കാനായി. ഇന്ത്യന്‍ സമ്പദ്‌മേഖലയുടെ അടിസ്ഥാനം സുസ്ഥിരമാണ്. ആര്‍ക്കും ആശങ്ക വേണ്ട. സാമ്പത്തികസുസ്ഥിരത ലക്ഷ്യംവെച്ച് പരിഷ്‌കരണ നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട സാങ്കേതികവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജി.എസ്.ടി. കൗണ്‍സിലിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.