ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്ന് നടത്തിയ മിന്നലാക്രമണം കടുത്ത അപായസാധ്യതയുള്ളതായിരുന്നുവെന്നും സൈനികരുടെ സുരക്ഷയെക്കുറിച്ചായിരുന്നു തന്റെ ഉത്കണ്ഠയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വാർത്താഏജൻസിക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യംപറഞ്ഞത്.

2016 സെപ്‌റ്റംബർ 28-നു നടന്ന മിന്നലാക്രമണത്തെക്കുറിച്ച് ആദ്യമായാണ് പ്രധാനമന്ത്രി വിശദമായി പ്രതികരിക്കുന്നത്. കമാൻഡോകളുടെ സുരക്ഷ മുൻനിർത്തി ആക്രമണത്തിന്റെ തീയതി രണ്ടുവട്ടം മാറ്റിയിരുന്നു. ഉറിയിൽ പാക് ഭീകരർ സൈനികക്യാമ്പ് ആക്രമിച്ച് 20 പട്ടാളക്കാരെ കൊലപ്പെടുത്തിയതിനുപിന്നാലെയാണ് മിന്നലാക്രമണം നടത്തിയത്.

“ദൗത്യം സംബന്ധിച്ച് സൈനികർക്ക് വ്യക്തമായ നിർദേശം നൽകിയിരുന്നു. ദൗത്യം വിജയിച്ചാലും പരാജയപ്പെട്ടാലും പ്രശ്നമല്ല, അതേക്കുറിച്ച് ചിന്തിക്കേണ്ട. എന്നാൽ, സൂര്യോദയത്തിനുമുമ്പ് മടങ്ങിയെത്തണമെന്ന് ഞാൻ അവരോട്‌ നിർദേശിച്ചിരുന്നു. ആരും ദൗത്യത്തിൽ കൊല്ലപ്പെടരുതെന്ന് എനിക്ക്‌ നിർബന്ധമുണ്ടായിരുന്നു” -പ്രധാനമന്ത്രി വ്യക്തമാക്കി.

മിന്നലാക്രമണം നടന്ന രാത്രിയിൽ, ഉറങ്ങാതെ ദൗത്യത്തിന്റെ വിവരങ്ങൾ അപ്പപ്പോൾ താൻ അറിഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “അതൊരു കടുത്ത അപായസാധ്യതയുള്ള ദൗത്യമായിരുന്നുവെന്ന് അറിയാമായിരുന്നു. എന്തെങ്കിലും രാഷ്ട്രീയപ്രശ്നം ഇതുമായി ബന്ധപ്പെട്ട് എനിക്കെതിരേ ഉയരുമെന്ന ആശങ്ക ഒരിക്കലുമുണ്ടായിരുന്നില്ല. സൈനികരുടെ സുരക്ഷയിലായിരുന്നു ഏറ്റവും ആശങ്ക”

“ദൗത്യത്തിനുള്ള കമാൻഡോകളെ ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തത്. അവർക്കാവശ്യമായ പരിശീലനവും ആയുധങ്ങളും നൽകി. കമാൻഡോകൾ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെത്തിയപ്പോൾ ആശങ്ക വർധിച്ചു. രാവിലെ ഒരു മണിക്കൂർ വിവരങ്ങളൊന്നും ലഭിക്കാതായപ്പോൾ ഉത്കണ്ഠയേറി. അത് ഏറ്റവും ദുഷ്കരമായ നിമിഷങ്ങളായിരുന്നു. അവർ തിരിച്ചെത്തിയില്ല എന്ന വാർത്തയും പിന്നാലെയെത്തി. അല്പം കഴിഞ്ഞപ്പോൾ രണ്ടു യൂണിറ്റുകൾ തിരിച്ചെത്തിയെന്ന് അറിഞ്ഞു. എല്ലാവരും തിരിച്ചെത്തിയാലേ ആശ്വാസമാകൂ എന്നായിരുന്നു എന്റെ പ്രതികരണം” -പ്രധാനമന്ത്രി പറഞ്ഞു.

മിന്നലാക്രമണത്തെ സർക്കാരല്ല, പ്രതിപക്ഷമാണ് രാഷ്ട്രീയവത്കരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “രാജ്യത്തിന്റെ സൈനികനടപടിയെക്കുറിച്ച് അവർ സംശയമുയർത്തി. അതിനായി പാകിസ്താന്റെ വാദങ്ങളെ കൂട്ടുപിടിച്ചു” -പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: pm modi latest interview and his comment about surgical strike