ന്യൂഡൽഹി: ജമ്മുകശ്മീരിനെ രാജ്യത്തെ ശൈത്യകാല കായികമത്സരങ്ങളുടെ ആസ്ഥാനമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം ഖേലോ ഇന്ത്യ ശൈത്യകാല മത്സരങ്ങൾ ജമ്മു കശ്മീരിലെ ഗുൽമർഗിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര ശൈത്യകാല മത്സരങ്ങളിൽ ഇന്ത്യയുടെ സാന്നിധ്യം അറിയിക്കുന്ന ശ്രമങ്ങളുടെ തുടക്കമാകും ഗെയിംസെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെയും സമാധാനത്തിന്റെയും പുത്തൻ ഉയരങ്ങൾ കീഴടക്കാനുള്ള ജമ്മുകശ്മീരിന്റെ താത്പര്യത്തെ ഗെയിംസ് വെളിവാക്കുന്നു. രണ്ടാംപതിപ്പിൽ പ്രാതിനിധ്യം ഇരട്ടിയായത് ശൈത്യകാലമത്സരങ്ങളുടെ ജനപ്രീതി രാജ്യത്ത് വർധിക്കുന്നതിന്റെ തെളിവാണെന്നും മോദി ചൂണ്ടിക്കാട്ടി.

കായികമന്ത്രാലയവും വിന്റർ ഗെയിംസ് അസോസിയേഷൻ ഓഫ് ജമ്മു കശ്മീരും ചേർന്നാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. മാർച്ച് രണ്ടിനു സമാപിക്കുന്ന ഗെയിംസിൽ 27 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള അത്‌ലറ്റുകൾ പങ്കെടുക്കും.

Content Highlights:  PM Modi inaugurates Khelo India Winter Games, says will make Jammu and Kashmir sports hub