ന്യൂഡൽഹി: പതിറ്റാണ്ടുകളോളമുള്ള പതിവുതെറ്റിച്ച് ജർമനിയിലെ ഫ്രാങ്ക്‌ഫുർട്ടിലിറങ്ങി ഇടവേളയെടുക്കാതെയാണ് ഇത്തവണ എയർ ഇന്ത്യ വൺ വിമാനം പ്രധാനമന്ത്രിയെ വാഷിങ്ടണിലെത്തിച്ചത്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി വാങ്ങിയ പുതിയ എയർ ഇന്ത്യ വൺ വിമാനത്തിന്റെ മികവാണ് ഇതു സാധ്യമാക്കിയത്.

യു.എസിലേക്കുള്ള 13 മണിക്കൂർ യാത്രയിൽ ഇടവേളയെടുത്ത് ഇന്ധനം നിറയ്ക്കാതെ പറക്കാൻ ഇതിനാവും. നേരത്തേ ഫ്രാങ്ക്ഫുർട്ടിലിറങ്ങി വിമാനത്തിൽ ഇന്ധനം നിറയ്ക്കുകയും വിശ്രമിക്കുകയും ചെയ്ത ശേഷമായിരുന്നു യു.എസിലേക്കുള്ള രാഷ്ട്രനേതാക്കളുടെ യാത്ര.

കഴിഞ്ഞ ഒക്ടോബറിലാണ് 4500 കോടി രൂപ ചെലവിട്ട് യു.എസിൽനിന്ന് എയർ ഇന്ത്യ-1 വിമാനം വാങ്ങിയത്. ഇത് രണ്ടാംതവണയാണ് മോദി പുതിയ എയർ ഇന്ത്യ വൺ ഉപയോഗിക്കുന്നത്. മാർച്ചിലെ ബംഗ്ലാദേശ് സന്ദർശനമായിരുന്നു ആദ്യം. ബുധനാഴ്ച ന്യൂഡൽഹിയിൽനിന്ന് മോദിയുമായി പുറപ്പെട്ട വിമാനം അഫ്ഗാനിസ്താൻ വ്യോമപാത ഒഴിവാക്കി പാകിസ്താൻ പാതയാണ് ഉപയോഗിച്ചത്.