ന്യൂഡൽഹി: കോവിഡിനെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും പാർലമെന്റിനകത്തും പുറത്തും ചർച്ചചെയ്യാൻ സർക്കാർ ഒരുക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങണം. കോവിഡ് വാക്സിൻ എടുത്തവർ ബാഹുബലികളാണ്. കാരണം ബാഹു (കൈത്തണ്ട)വിലാണ് വാക്‌സിൻ കുത്തിെവക്കുന്നത്. ഇങ്ങനെ 40 കോടി ബാഹുബലികൾ രാജ്യത്തുണ്ട്. കൊറോണയ്ക്കെതിരേ പോരാടുന്ന ബാഹുബലി ആകുന്നതിന് വാക്സിനേഷൻ മാത്രമാണ് ഏകമാർഗം -പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെക്കുറിച്ച് അർഥപൂർണമായ ചർച്ച ആവശ്യമാണ്. പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. കോവിഡ് പ്രതിരോധത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ചർച്ചകൾ സഹായിക്കും -പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

ഈ പാർലമെന്റ് സമ്മേളനം ശക്തമായ ചർച്ചകളുടെ വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. അങ്ങനെയെങ്കിൽ, അംഗങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരംനൽകാൻ സർക്കാരിന് കഴിയും. വളരെ വിഷമമേറിയതും ശക്തമായതുമായ ചോദ്യങ്ങൾ എം.പി.മാർ ഉന്നയിക്കണം. എന്നാൽ, സർക്കാരിന് മറുപടി നൽകാനുള്ള സമാധാനപരമായ അന്തരീക്ഷവുമുണ്ടാകണം. ജനങ്ങളിൽ സത്യമെത്തുമ്പോഴാണ് ജനാധിപത്യം ശക്തമാകുന്നത്. അത് ജനങ്ങളുടെ വിശ്വാസവും വികസനത്തിനുള്ള വേഗവും മെച്ചപ്പെടുത്തുമെന്നും മോദി അഭിപ്രായപ്പെട്ടു.