ന്യൂഡൽഹി: ജമ്മുകശ്മീരിനു പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ എടുത്തുകളഞ്ഞത് സംസ്ഥാനത്തിന്റെ വികസനത്തിനു വഴിതുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനെ എതിർക്കുന്നത് സ്ഥാപിത താത്പര്യക്കാരാണെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“ഇക്കാലമത്രയും കശ്മീരിനെ ഭരിച്ചത് ഭീഷണിയാണ്, ഇനി വികനത്തിന് ഒരവസരം നൽകണം. സ്ഥാപിതതാത്പര്യക്കാരും രാഷ്ട്രീയക്കാരിലെ കുടുംബവാഴ്ചക്കാരും ഭീകരതയെ അനുകൂലിക്കുന്നവരും പ്രതിപക്ഷത്തെ ചില സുഹൃത്തുക്കളും ആണു തീരുമാനത്തെ എതിർക്കുന്നത്. അവർ അതിന്റെ കാരണം പറയണം” -പ്രധാനമന്ത്രി പറഞ്ഞു.

“കശ്മീരിൽ ഇനിയും തിരഞ്ഞെടുപ്പു നടക്കും. ഇത്രയുംകാലം കശ്മീർ ഭരിച്ചവർ ധരിച്ചുവെച്ചത് ഭരണം അവരുടെ ദൈവികമായ അവകാശമാണെന്നാണ്. അതുകൊണ്ട് ജനാധിപത്യവത്കരണത്തെ അവർ എതിർക്കും. സ്വയം ഉയർന്നുവരുന്ന യുവനേതൃത്വത്തെ അവർ ആഗ്രഹിക്കുന്നില്ല” -പുതിയ സർക്കാർ 75 ദിവസം തികയുന്നതിനോട് അനുബന്ധിച്ച് അനുവദിച്ച അഭിമുഖത്തിൽ മോദി പറഞ്ഞു.

“ജമ്മുകശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്കു നല്ലൊരു ഭാവി വേണം. പ്രത്യേകപദവി അവരെ ഒറ്റപ്പെടുത്തി. വികസനം നടന്നില്ല. അവർ ദാരിദ്ര്യത്തിലായി. ഇത്രയും കാലം സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികജാതി-വർഗക്കാർക്കും നേരെ അനീതിയാണുണ്ടായത്. വിനോദസഞ്ചാര മേഖലയിലും വ്യവസായത്തിലും നിക്ഷേപം വരുന്നതോടെ അവിടത്തെ യുവാക്കൾക്കു സാമ്പത്തികനേട്ടമുണ്ടാക്കാൻ അവസരം ലഭിക്കും. അവരുടെ വിദ്യാഭ്യാസവും കഴിവും വികസിക്കും. കശ്മീരികളുടെ സ്വപ്നം സഫലമാകും”-പ്രധാനമന്ത്രി പറഞ്ഞു.

“രാജ്യത്തെ ബാധിച്ച അഴിമതി ഇല്ലാതാക്കാനും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പരിഷ്കാരം കൊണ്ടുവരാനും സർക്കാരിനായെന്ന് മോദി പറഞ്ഞു. “അഭൂതപൂർവമായ ഒരു ചലനമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ സർക്കാരുണ്ടാക്കിയത്. വെറും 75 ദിവസങ്ങൾകൊണ്ട് ഒരുപാടു കാര്യങ്ങൾ സംഭവിച്ചു. കുട്ടികളുടെ സംരക്ഷണം മുതൽ ചന്ദ്രയാൻ-2 വരെ, അഴിമതിക്കെതിരായ നടപടി മുതൽ മുത്തലാഖിൽ നിന്ന് മുസ്‌ലിം വനിതകളുടെ വിമോചനം വരെ, കശ്മീർ മുതൽ കർഷകർ വരെ. ദൃഢനിശ്ചയമുള്ള ഒരു സർക്കാരിന് എന്തെല്ലാം നേടാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു.”-മോദി പറഞ്ഞു.

Content Highlights: PM Modi assures development in Jammu and Kashmir