ന്യൂഡൽഹി: പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകാനുമായി 1000 കോടി രൂപയുടെ ‘സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട്’ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾ തുടങ്ങാനും അവയുടെ വളർച്ചയ്ക്കും ഈ നിധി സഹായമാവുമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. പ്രവർത്തനമൂലധനം കണ്ടെത്താൻ ഫണ്ട് ഉപകരിക്കും. മൂലധനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് സ്റ്റാർട്ടപ്പുകൾ അനുഭവിക്കരുത്.
സ്റ്റാർട്ടപ്പുകൾക്കായി ദൂരദർശനിൽ പ്രത്യേകപരിപാടി സംപ്രേഷണംചെയ്യും. ആഴ്ചയിൽ ഒരു മണിക്കൂറാവും പരിപാടി. പുതിയ കണ്ടുപിടിത്തക്കാരെയും സംരംഭകരെയും കുറിച്ചുള്ള ഈ പരിപാടി ദൂരദർശനിലും ദൂരദർശൻ ന്യൂസിലും കാണിക്കും.
അഞ്ചുവർഷത്തിനകം ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുകയാണ് ലക്ഷ്യം. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചുറ്റുപാടുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മെട്രോ നഗരങ്ങളിൽ മാത്രമല്ല ഇപ്പോൾ ഇവയുള്ളത്. ചെറിയ നഗരങ്ങളിലാണ് 40 ശതമാനം പുതുസംരംഭങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്ത് 41,000 സ്റ്റാർട്ടപ്പുകളുണ്ട്. 100 കോടി ഡോളർ മൂല്യമുള്ള നാലു സംരംഭങ്ങളേ 2014-ൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവയുടെ എണ്ണം മുപ്പതാണ്. ‘യൂണികോൺ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിഭാഗത്തിലേക്ക് 2020-ൽ മാത്രം 11 സ്റ്റാർട്ടപ്പുകൾ ഉൾപ്പെട്ടു -പ്രധാനമന്ത്രി പറഞ്ഞു.