ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെള്ളിയാഴ്ച 71-ാം പിറന്നാൾ. ഇതോടനുബന്ധിച്ച് മൂന്നാഴ്ചനീളുന്ന ആഘോഷപരിപാടികളാണ് ബി.ജെ.പി. ആവിഷ്കരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഒറ്റദിവസത്തിനകം ഒന്നരക്കോടി പേർക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പുനടത്തി റെക്കോഡു സൃഷ്ടിക്കാനാണ് പദ്ധതി. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷൻ ഊർജിതമാക്കാൻ ബി.ജെ.പി. ഹെൽത്ത് വൊളന്റിയർമാരെ നിയോഗിച്ചു. ഗുജറാത്തിൽമാത്രം 35 ലക്ഷം പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഒരു കോടിക്കു തൊട്ടുമുകളിലാണ് ഇതിനുമുമ്പ് രാജ്യത്തെ വാക്സിനേഷൻ നിരക്ക്. അതു മറികടക്കുകയാണ് ലക്ഷ്യം. കോവിഡ് തുടച്ചുമാറ്റാനായി രാവും പകലും പ്രയത്നിക്കുന്ന പ്രധാനമന്ത്രിക്ക് ഇതിലും മികച്ചൊരു പിറന്നാൾസമ്മാനം പാർട്ടിക്കു നൽകാനില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇതുവരെ വാക്സിനെടുക്കാത്തവർ വെള്ളിയാഴ്ച സജ്ജരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മോദിയുടെ ചിത്രമുള്ള 14 കോടി റേഷൻ ബാഗുകൾ തയ്യാറാക്കി രാജ്യത്തിന്റെ എല്ലാഭാഗത്തും വിതരണം ചെയ്യുന്നുണ്ട്. ‘താങ്ക് യു മോദിജി’ എന്നെഴുതിയ അഞ്ചുകോടി പോസ്റ്റുകാർഡുകൾ പ്രധാനമന്ത്രിക്ക് അയക്കും. രാജ്യത്തെ നദികളിൽ മലിനീകരണം രൂക്ഷമായ 71 ഇടങ്ങളിൽ പാർട്ടിപ്രവർത്തകർ ശുചീകരണപ്രവർത്തനം നടത്തും. സാമൂഹികമാധ്യമങ്ങളിലൂടെ മോദിയുടെ ജീവിതവിജയം വിവരിക്കുന്ന വീഡിയോ പ്രചാരണം, സെമിനാറുകൾ എന്നിവയുണ്ടാകും. മൂന്നാഴ്ചത്തെ ആഘോഷപരിപാടികളിൽ പ്രധാനം ഇവയൊക്കെയാണ്.

71-ാം ജന്മദിനാഘോഷത്തിനുപുറമേ ഭരണാധികാരിയെന്ന നിലയിൽ മോദി 20 വർഷം തികയ്ക്കുന്നതും ഇക്കുറി പ്രാധാന്യമേറ്റുന്നതായി പാർട്ടിവക്താക്കൾ പറഞ്ഞു. 2001 ഒക്ടോബർ ഏഴിനാണ് അദ്ദേഹം ആദ്യമായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായത്.