ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോവിഡിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്ക് കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസവും 18 വയസ്സാകുമ്പോൾ 10 ലക്ഷം രൂപ ലഭിക്കുംവിധമുള്ള നിക്ഷേപവും ഉറപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പ്രഖ്യാപിച്ചത്. പദ്ധതിക്ക് പി.എം. കെയർ പദ്ധതിയിലൂടെ പിന്തുണ നൽകുമെന്ന് ഇതിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികൾക്ക് 18 വയസ്സാവുമ്പോൾ 10 ലക്ഷം രൂപയാവുംവിധം അവരുടെ പേരിൽ സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കും. തുടർന്ന് അഞ്ചുവർഷത്തേക്ക് ഉന്നത വിദ്യാഭ്യാസാവശ്യത്തിനായി ഈ പണത്തിൽനിന്ന് മാസംതോറും പണം നൽകും. 23 വയസ്സ് പൂർത്തിയായാൽ മുഴുവൻ തുകയും വ്യക്തിപര-ഔദ്യോഗിക ആവശ്യങ്ങൾക്ക് നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ വിദ്യാലയത്തിലോ പ്രവേശനം നൽകും. ഒറ്റ രക്ഷിതാവിന്റെയോ കൂട്ടുകുടുംബത്തിന്റെയോ സംരക്ഷണത്തിലുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും. 11-18 വയസ്സുള്ള കുട്ടികൾക്ക് സൈനിക സ്കൂളുകളിലും നവോദയ സ്കൂളുകളിലും പ്രവേശനം നൽകും.

കുട്ടിയെ സ്വകാര്യ സ്കൂളിൽ പ്രവേശിപ്പിച്ചാൽ വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുള്ള ഫീസ് പി.എം. കെയേഴ്‌സ് ഫണ്ടിൽനിന്ന് നൽകും. യൂണിഫോം, പാഠപുസ്തകങ്ങൾ, നോട്ടുപുസ്തകങ്ങൾ എന്നിവയ്ക്കും പണം നൽകും. ഉന്നത വിദ്യാഭ്യാസത്തിന് വായ്പ ലഭ്യമാക്കാൻ സഹായിക്കും. വായ്പയുടെ പലിശ പി.എം. കെയേഴ്‌സ് ഫണ്ടിൽ നിന്ന് നൽകും.

ട്യൂഷൻ ഫീസ് അല്ലെങ്കിൽ ബിരുദ, വൊക്കേഷണൽ കോഴ്‌സുകളുടെ കോഴ്സ് ഫീസുകൾക്ക് തുല്യമായ സ്കോളർഷിപ്പ് കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ പ്രകാരവും ലഭ്യമാക്കും. നിലവിലുള്ള സ്കോളർഷിപ്പ് സ്‌കീമുകൾക്ക് കീഴിൽ വരാത്ത കുട്ടികൾക്കായി തുല്യമായ സ്കോളർഷിപ്പ് നൽകും. എല്ലാ കുട്ടികളെയും ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരം അഞ്ചുലക്ഷംരൂപ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ ഗുണഭോക്താക്കളായി ചേർക്കും. 18 വയസ്സുവരെ ഈ കുട്ടികൾക്കുള്ള പ്രീമിയം തുക നൽകും.

Content Highlights: PM announces Rs 10 lakh fund, free education for children orphaned in pandemic