മുംബൈ: 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആദരാഞ്ജലിയർപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവർഷത്തിൽ, കൊല്ലപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും സ്മരിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ജീവത്യാഗം നടത്തിയ പോലീസുകാരെയും സുരക്ഷാ സൈനികരെയും അഭിവാദ്യം ചെയ്യുന്നു. നീതി േനടുന്നതിനും ഭീകരതയെ തോൽപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമം തുടരും -അദ്ദേഹം പറഞ്ഞു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതായും അവരുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരർക്കെതിരേ പോരാടിയ സാഹസികരായ നമ്മുടെ പോലീസുകാരെയും സുരക്ഷാസൈനികരെയും രാജ്യം വണങ്ങുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.