ന്യൂഡൽഹി: രാകേഷ് അസ്താനയെ ഡൽഹി പോലീസ് കമ്മിഷണറായി നിയമിച്ചതിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും എതിർകക്ഷികളാക്കി സുപ്രീംകോടതിയിൽ കോടതിയലക്ഷ്യഹർജി. സുപ്രീംകോടതിയിലെ സ്ഥിരം പരാതിക്കാരനായ അഡ്വ. എം.എൽ. ശർമയാണ് ഹർജി നൽകിയത്.

പോലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട പ്രകാശ് സിങ് കേസിലുൾപ്പെടെയുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണ് അസ്താനയുടെ നിയമനത്തിലൂടെ നടന്നതെന്ന് ശർമയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ എതിർകക്ഷികൾക്കെതിരേ ക്രിമിനൽ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സി.ബി.ഐ.യിലെ മുൻ ഉന്നതോദ്യോഗസ്ഥനും ബി.എസ്.എഫ്. മേധാവിയുമായിരുന്ന അസ്താനയെ വിരമിക്കുന്നതിന്റെ മൂന്നുദിവസംമുൻപാണ് ഡൽഹി പോലീസ് മേധാവിയായി നിയമിച്ചത്. ഇതോടെ ഇനി രണ്ടുവർഷം പോലീസ് കമ്മിഷണറായിരിക്കാം.

സി.ബി.ഐ.യുടെ ഉന്നതതലത്തിലുണ്ടായ വിവാദങ്ങളെത്തുടർന്ന് 2018-ലാണ് അസ്താനയെ ബി.എസ്.എഫിലേക്ക് മാറ്റിയത്. 2017-ൽ അസ്താനയെ സ്പെഷ്യൽ ഡയറക്ടറാക്കുന്നതിനെ അന്നത്തെ സി.ബി.ഐ. ഡയറക്ടർ അലോക് വർമ എതിർത്തിരുന്നു. തുടർന്ന് അലോക് വർമയുമായി പരസ്യമായിത്തന്നെ അസ്താന മല്ലടിച്ചു. അസ്താനയ്ക്കെതിരേ അഴിമതിയാരോപണത്തിൽ അന്വേഷണം നടത്തുന്നതുവരെയെത്തി കാര്യങ്ങൾ. 1984 ബാച്ച് ഗുജറാത്ത് കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് അസ്താന.