അലഹാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തർപ്രദേശിലെ വാരണസിയിൽനിന്ന് ലോക്‌സഭയിലേക്കു തിരഞ്ഞെടുത്തതിനെ ചോദ്യംചെയ്തു നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി.
സമാജ്‌വാദി പാർട്ടി വാരണാസിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുൻ സി.ആർ.പി.എഫ്. സൈനികൻ തേജ് ബഹാദൂർ യാദവ് നൽകിയ ഹർജിയാണ് തള്ളിയത്. ഇദ്ദേഹത്തിന്റെ നാമനിർദേശപത്രിക വരണാധികാരി നിരസിച്ചിരുന്നു.
വരണാധികാരിയുടെ തീരുമാനം അനീതിയാണെന്നും തിരഞ്ഞെടുപ്പുഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
ഹർജി തള്ളിയ കോടതി സ്ഥാനാർഥിയല്ലാത്ത യാദവിന് ജയിച്ച സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്യാൻ അധികാരമില്ലെന്നു പറഞ്ഞു. മുതിർന്ന അഭിഭാഷകൻ സത്യപാൽ ജെയ്ൻ മോദിക്കായി കോടതിയിൽ ഹാജരായി.
content highlights: plea challenging Modi’s election from Varanasi dismissed