: പിറവം പള്ളിത്തർക്ക കേസിലെ വിധി നടപ്പാക്കാത്തതിനെതിരേ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം, ആരാധനയ്ക്ക് പോലീസ് സുരക്ഷയാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ അപേക്ഷ മൂന്നുമാസത്തിനകം തീർപ്പാക്കാൻ ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

സ്വത്ത് കുമിഞ്ഞുകൂടുന്നതാണ് ആരാധനാലയങ്ങളിൽ ഇത്തരം തർക്കങ്ങൾക്കു കാരണമെന്ന് വാക്കാൽ നിരീക്ഷിച്ചുകൊണ്ടാണ് ബെഞ്ചിന്റെ നടപടി. ഹൈക്കോടതി വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് ബെഞ്ച് അനുമതിനൽകി.

പിറവം പള്ളിത്തർക്ക കേസിലെ വിധി സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ലെന്നുകാട്ടിയാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയിലെത്തിയത്. ഇക്കാര്യത്തിൽ തങ്ങൾ നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ തീരുമാനം വന്നശേഷം പരാതിയുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹർജിക്കാരോട് കോടതി പറഞ്ഞു.

മലങ്കരസഭയിലെ പള്ളികൾ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന പഴയ വിധി പിറവം പള്ളിക്കും ബാധകമാണെന്ന് ഏപ്രിൽ 19-ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതു നടപ്പാക്കിയില്ലെന്നുകാട്ടി ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ളവർക്കെതിരേയാണ് ഓർത്തഡോക്സ് വൈദികൻ ഫാ. സ്കറിയ വട്ടക്കാട്ടിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.യു. സിങ്ങും ഇ.എം.എസ്. അനാമും ഹാജരായി.

കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് ആൻഡ് സെയ്ന്റ് പോൾ പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസിൽ യാക്കോബായ വിശ്വാസികളുടെ ഹർജി തള്ളിയാണ് 2017 ജൂലായ് മൂന്നിന് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. യാക്കോബായ സഭ 2002-ൽ ഉണ്ടാക്കിയ ഭരണഘടന നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത് പിറവം പള്ളിക്കും ബാധകമാണെന്ന് ഏപ്രിൽ 19-ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വിധിച്ചു. സിവിൽ, ജുഡീഷ്യൽ അധികാരികൾ കോടതിയുത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥരാണെന്നും ബെഞ്ച് വ്യക്തമാക്കി.