ന്യൂഡല്‍ഹി: പിണറായിസര്‍ക്കാരിന്റെ പ്രവര്‍ത്തനം നേര്‍ദിശയിലല്ലെന്ന് വിമര്‍ശിച്ച് സി.പി.എം. കേന്ദ്രനേതൃത്വത്തിന് മുതിര്‍ന്നനേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്ത്. ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനവും ഇടതുനിലപാടും ലംഘിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയ വി.എസ്., സര്‍ക്കാരിനെ നേര്‍വഴിക്കുനയിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു. കത്ത് പി.ബി.യില്‍ വിതരണം ചെയ്‌തെങ്കിലും ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല.

ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ്.സര്‍ക്കാരിനുമെതിരേ അഞ്ചുവര്‍ഷം ഇടതുപക്ഷം ഉന്നയിച്ച പ്രശ്‌നങ്ങള്‍ കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ പിണറായിസര്‍ക്കാരിന് നേരിടേണ്ടി വന്നതായി വി.എസ്. കത്തില്‍ കുറ്റപ്പെടുത്തിയതായി അറിയുന്നു. അഴിമതി, സ്വജനപക്ഷപാതം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍, ഭൂമി കൈയേറ്റം, സ്വാശ്രയമാനേജ്‌മെന്റുകളോടുള്ള പക്ഷപാതിത്വം, പരിസ്ഥിതി ചൂഷണം, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇടതുപക്ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ ഉന്നയിച്ചു.

ഇതേ ആരോപണങ്ങള്‍ കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ പിണറായിസര്‍ക്കാരിനെതിരേ ഉയര്‍ന്നു. ഇതുപരിശോധിക്കാന്‍ പാര്‍ട്ടിസംവിധാനം തയ്യാറാവുന്നില്ല. വിമര്‍ശനവും സ്വയംവിമര്‍ശനവും നടക്കുന്നില്ല. 2016-ലെ തിരഞ്ഞെടുപ്പില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ ഇടതുപക്ഷം ജനങ്ങള്‍ക്ക് നല്‍കി. അത് മുഴുവനായി പാലിക്കാന്‍ സമയമായിട്ടില്ല. എന്നാല്‍, ഏതൊക്കെ ലംഘിക്കപ്പെട്ടെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.

സ്ത്രീകള്‍ക്കുനേരേയുള്ള അക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്ത വരാത്ത ഒരു ദിവസവുമില്ല. അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനവിവാദവും വി.എസ്. ചൂണ്ടിക്കാട്ടി. ജിഷ്ണുപ്രണോയി കേസില്‍ ആദ്യഘട്ടത്തില്‍ത്തന്നെ തെളിവ് നശിപ്പിക്കപ്പെട്ടു. നിവൃത്തിയില്ലാത്ത ഘട്ടത്തിലായിരുന്നു അമ്മ മഹിജയുടെ സമരം. ഡി.ജി.പി. ഓഫീസില്‍ അവര്‍ നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതിയും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ തള്ളിപ്പറഞ്ഞതിനെയും വി.എസ്. വിമര്‍ശിച്ചു.

വിശാലമായ ഇടതുപക്ഷ ഐക്യമാണ് പാര്‍ട്ടിയുടെ പ്രഖ്യാപിതലക്ഷ്യമെങ്കിലും അതു ലംഘിക്കുന്നതാണ് സി.പി.ഐ.യോടുള്ള സമീപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എ.പി.എ., മാവോയിസ്റ്റ് കൊലപാതകം, വിവരാവകാശനിയമം തുടങ്ങിയ വിഷയങ്ങളിലാണ് സി.പി.ഐ.യുടെ വിമര്‍ശനം. ഇതില്‍ ആരെടുക്കുന്നതാണ് ഇടതുപക്ഷനിലപാടെന്ന് പാര്‍ട്ടി പരിശോധിക്കണം. തര്‍ക്കിച്ചുജയിക്കാനാവും, എന്നാല്‍, ജനങ്ങളെ ബോധ്യപ്പെടുത്തലാണ് പ്രധാനമെന്നും വി.എസ്. ഓര്‍മിപ്പിച്ചു.