അഹമ്മദാബാദ്: ഒമ്പതുമാസത്തെ ജയില്‍വാസത്തിനും ആറുമാസത്തെ അന്യസംസ്ഥാനവാസത്തിനും ശേഷം ഗുജറാത്തിലെ പൊതുരംഗത്തേക്ക് തിരിച്ചെത്തിയ ഹര്‍ദിക് പട്ടേല്‍ ആദ്യവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശമുയര്‍ത്തി.

രണ്ടുലക്ഷം രൂപയുടെ കോട്ടുധരിച്ചിട്ട് മോദി സ്വയം ഗാന്ധി ചമയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ചര്‍ക്കയ്ക്കുമുന്നില്‍ ശരിക്ക് ഇരിക്കാന്‍പോലും അറിയാത്തയാളെയാണ് ഗാന്ധിജിക്ക് തുല്യനാക്കുന്നതെന്നും കുറ്റപ്പെടുത്തി. സമുദായനീതിക്കായി പോരാട്ടം തുടരുമെന്നും ഹര്‍ദിക് പറഞ്ഞു.

പട്ടേല്‍സമുദായത്തിന് ഒ.ബി.സി. സംവരണം ആവശ്യപ്പെട്ട് രണ്ടുവര്‍ഷമായി പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സംവരണസമരസമിതിയുടെ കണ്‍വീനറാണ് ഇരുപത്തിമൂന്നുകാരനായ ഹര്‍ദിക്. സംസ്ഥാന അതിര്‍ത്തിയായ രത്തംപുരില്‍നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരണസ്ഥലമായ സബര്‍ക്കന്ധയിലെ ഹിമ്മത്‌നഗറിലേക്ക് ആനയിച്ചത്.
 
പൊതുയോഗത്തിന് തിങ്കളാഴ്ചവരെ പോലീസ് അനുമതിനല്‍കിയിരുന്നില്ല. എന്നാല്‍, ചൊവ്വാഴ്ച നിലപാടുമാറ്റി. ഇക്കാര്യം സൂറത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഹര്‍ദിക് ഉള്‍പ്പെടെ പട്ടേല്‍സമുദായനേതാക്കളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആനന്ദിബെന്‍സര്‍ക്കാരിന്റെ കാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഹര്‍ദിക്കിനോട് ബി.ജെ.പി. നിലപാട് മയപ്പെടുത്തുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഒമ്പതുമാസം സൂറത്തില്‍ ജയിലില്‍ക്കഴിഞ്ഞ ഹര്‍ദിക്കിന് ജാമ്യവ്യവസ്ഥയായിട്ടാണ് ആറുമാസം സംസ്ഥാനത്തിനുപുറത്ത് കഴിയേണ്ടിവന്നത്.
 
രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു വാസം. ഈ കാലയളവിലും മോദിയെയും ബി.ജെ.പി.യെയും വിമര്‍ശിക്കാനുള്ള അവസരം പാഴാക്കിയില്ല. ഗുജറാത്തില്‍ പട്ടേല്‍ സംവരണസമരസമിതിയുടെ പ്രവര്‍ത്തകര്‍ അമിത് ഷായുടെ യോഗം കലക്കുകപോലും ചെയ്തു. എങ്കിലും ഹര്‍ദിക് പട്ടേല്‍ സംസ്ഥാനത്തില്ലാത്തത് സമരത്തിന്റെ വീര്യംകുറച്ചു. ചിലനേതാക്കളെ ബി.ജെ.പി. അടര്‍ത്തിയെടുത്തു.

സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയ്ക്ക് ഹര്‍ദിക് അനുയായികളെ അയച്ചിരുന്നു. പ്രക്ഷോഭത്തിന്റെ അടുത്തഘട്ടമെന്ന വിശേഷണവുമായാണ് സമിതിനേതൃത്വം ഹര്‍ദിക്കിന്റെ സ്വീകരണയോഗം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടിയന്തരമായി ഡല്‍ഹിക്കുപോയതും മോദിയുമായി കൂടിക്കാഴ്ച നടത്തിയതും ഈ പശ്ചാത്തലത്തിലാണ്.