court
പ്രതീകാത്മകചിത്രം| Photo: Mathrubhumi Library 

ന്യൂഡൽഹി: പൈലറ്റുമാർ, ക്യാബിൻ ക്രൂ, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവരെ മദ്യപരിശോധനയിൽനിന്ന് (ബ്രെത്ത് അനലൈസർ ടെസ്റ്റ്) പൂർണമായും ഒഴിവാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പൂർണമായും ഒഴിവാക്കുന്നത് വിമാനയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ചിലരിൽമാത്രമായി പരിശോധന നടത്താം. അതേസമയം, ഡ്യൂട്ടിക്ക് കയറുന്നതിനുമുമ്പ്‌ 12 മണിക്കൂറിനുള്ളിൽ മദ്യപിച്ചിട്ടില്ലെന്ന് ഇവർ എഴുതിനൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോവിഡ് വൈറസ് പകരാൻ സാധ്യതയുണ്ടെന്നതിനാൽ ബ്രെത്ത് അനലൈസർ പരിശോധന പാടില്ലെന്നുകാട്ടി എയർ ട്രാഫിക് കൺട്രോളേഴ്‌സ് ഗിൽഡ്, ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ചുശതമാനത്തിലേറെ പൈലറ്റുമാരെയും ക്യാബിൻക്രൂ അംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി. മൂന്നുമാസത്തിനുശേഷം ഈ നിബന്ധന പുനഃപരിശോധിക്കണം. കൂടാതെ, വിമാനജീവനക്കാരെ പരിശോധിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബ്രെത്ത് അനലൈസർ ടെസ്റ്റിനായി സമഗ്രമായ മാർഗരേഖയിറക്കാൻ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനോടും (ഡി.ജി.സി.എ.) കോടതി ആവശ്യപ്പെട്ടു.

content highlights: pilots can not be completely excluded from breath analyser test-delhi highcourt