അടാരി (പഞ്ചാബ്): മഴപെയ്ത്‌ തണുത്തുകിടന്ന പഞ്ചാബിലെ വാഗാ അടാരി അതിർത്തി വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ സാഭിമാനം വരവേറ്റു. അപ്പോൾ സമയം, വെള്ളിയാഴ്ച രാത്രി 9.21. അറുപതുമണിക്കൂർ പാകിസ്താന്റെ മണ്ണിൽക്കഴിഞ്ഞ അദ്ദേഹം ചെറുപുഞ്ചിരിയോടെ ഇന്ത്യൻ മണ്ണിലേക്ക് നടന്നു. മകൻ തിരികെയെത്തുന്നതുകാണാൻ അഭിനന്ദന്റെ അമ്മ ഡോ. ശോഭയ്ക്കൊപ്പം അച്ഛനും റിട്ട. എയർമാർഷലുമായ സിംഗക്കുട്ടി വർത്തമനും അടാരിയിൽ എത്തിയിരുന്നു. അവിടെനിന്ന് വൈദ്യപരിശോധനകൾക്കായി അമൃത്‌സറിലേക്ക്.

അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചതുമുതൽ സ്വീകരിക്കാൻ സജ്ജമായിരുന്നു അടാരി അതിർത്തി. പതിവ് പതാകതാഴ്ത്തൽച്ചടങ്ങ് വെള്ളിയാഴ്ച വേണ്ടെന്നുവെച്ചു. പതിവിലുമേറെ സുരക്ഷാക്രമീകരണങ്ങളൊരുക്കി. പതാകതാഴ്ത്തൽ ചടങ്ങുകാണാനും അഭിനന്ദനെ സ്വീകരിക്കാനും ദേശീയ പതാകയും പൂമാലകളും ഭാരത് മാതാ കീ ജയ് വിളികളുമായി കൂടിയവർ പിരിഞ്ഞുപോയി.

റാവൽപിണ്ടിയിൽനിന്ന് രണ്ടരമണിയോടെയാണ് പാകിസ്താൻ അഭിനന്ദനെ ലഹോറിലെത്തിച്ചത്. അവിടെനിന്ന് പാക് സേനാവാഹനങ്ങളുടെ അകമ്പടിയോടെ വാഗ അതിർത്തിയിലേക്ക്. 23 കിലോമീറ്റർ ദൂരെയുള്ള ഇവിടെ വൈകീട്ട് 5.23-ഓടെ വാഹനവ്യൂഹം എത്തി. ശത്രുരാജ്യത്തിന്റെ പിടിയിലായ സൈനികൻ തിരിച്ചെത്തിയാൽ നടത്തുന്ന പരിശോധനകളും കടലാസുജോലികളും നീണ്ടുപോയി. സംശയങ്ങളും ഉദ്വേഗങ്ങളും അഭ്യൂഹങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞു. അതിനിടെ അഭിനന്ദനെ സ്വീകരിക്കാനെന്നോണം പഞ്ചാബ് അതിർത്തിയിൽ മഴപെയ്തു. പരിശോധനകൾ പൂർത്തിയാക്കി 9.21-ഓടെ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തി. അദ്ദേഹത്തെ വിമാനത്തിൽ ഇന്ത്യയിലെത്തിക്കണമെന്ന അഭ്യർഥന മാനിക്കാതെയാണ് പാകിസ്താൻ റോഡുമാർഗം അതിർത്തിയിലെത്തിച്ചത്.

വാഗാ അതിർത്തിയിലെത്തിച്ചശേഷം അഭിനന്ദനെ പാകിസ്താൻ അന്താരാഷ്ട്ര റെഡ്‌ക്രോസ് അധികൃതർക്കാണ് കൈമാറിയത്. യുദ്ധത്തടവുകാരെ കൈമാറുന്ന ജനീവ കരാർ പ്രകാരമായിരുന്നു ഈ നടപടി. റെഡ്ക്രോസ് വിശദമായ വൈദ്യപരിശോധന നടത്തി. പിന്നെ പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. പാകിസ്താൻ അതിർത്തിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഉദ്യോഗസ്ഥർക്കൊപ്പം വാഗ അതിർത്തിയിലേക്ക്. അപ്പോൾ അഭിനന്ദന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞുനിന്നു. വാഗാ അതിർത്തികടന്ന് അടാരിയിലെത്തിയ അദ്ദേഹത്തെ ഇന്ത്യയുടെ അതിർത്തിരക്ഷാസേന ഏറ്റുവാങ്ങി. സ്വീകരിക്കാൻ വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ജെ.ടി. കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘവുമുണ്ടായിരുന്നു.

അഭിനന്ദന്റെ മടങ്ങിവരവിനുപിന്നാലെ എയർ വൈസ് മാർഷൽ ആർ.ജി.ടി. കപൂർ വാർത്താലേഖകരെ കണ്ടു. അഭിനന്ദൻ മടങ്ങിവന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ചട്ടപ്രകാരമുള്ള വൈദ്യപരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കുമെന്ന് അറിയിച്ചു. വിമാനത്തിൽനിന്ന് പാരച്യൂട്ടിൽ ചാടിയതിനാലുള്ള പരിക്കും മറ്റുമുള്ളതിനാലാണ് പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദന്റെ അസാധാരണ ധീരതയെ അനുമോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അഭിനന്ദനെ ഇന്ത്യയ്ക്ക്‌ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കൾ അഭിനന്ദനെ സ്വീകരിക്കാൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രോട്ടോക്കോൾ പ്രശ്‌നംകാരണം മാറിനിന്നു.

നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് പോർവിമാനം വെടിവെച്ചിട്ടതിനുപിന്നാെല അഭിനന്ദൻ പറത്തിയിരുന്ന മിഗ്-21 ബൈസൺ വിമാനം തകർന്നാണ് വ്യോമസേനാംഗമായ അദ്ദേഹം പിടിയിലായത്.

വൈകിയത് വീഡിയോ എടുക്കാൻ

ലഹോർ: വൈകീട്ട് 5.23-ന് വാഗ അതിർത്തിയിലെത്തിച്ച വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ ഇന്ത്യയ്ക്ക്‌ കൈമാറാൻ വൈകിയത് പാകിസ്താൻ വീഡിയോയെടുത്തത്‌ കാരണമെന്ന് റിപ്പോർട്ട്. അതിർത്തി കടക്കുംമുമ്പ് വീഡിയോയിൽ മൊഴി രേഖപ്പെടുത്തണമെന്ന് പാകിസ്താൻ ഉദ്യോഗസ്ഥർ പറയുകയായിരുന്നു. അദ്ദേഹം മൊഴിനൽകിയോ എന്ന് വ്യക്തമല്ല.

എന്നാൽ, അഭിനന്ദന്റെ പുതിയൊരു വീഡിയോ ദൃശ്യം പാകിസ്താൻ സർക്കാർ രാത്രി ഒമ്പതരയോടെ പുറത്തുവിട്ടു. പാകിസ്താന്റെ വ്യോമാതിർത്തി ലംഘിച്ചെന്നും തൻറെ വിമാനം പാക് വ്യോമസേന വെടിവെച്ചിട്ടതാണെന്നും അതിൽ അഭിനന്ദൻ പറയുന്നു. “പാക് സേനാംഗം ജനക്കൂട്ടത്തിൽനിന്ന് എന്നെ രക്ഷിച്ചു. പാകിസ്താൻ സൈന്യം വളരെ പ്രൊഫഷണലാണ്. അതിൽ എനിക്ക്‌ മതിപ്പുതോന്നി” എന്നൊക്കെ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ടെന്ന് പാകിസ്താനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

content highlights: Abhinandan Varthaman, India, Pakistan, Attari-Wagah border