ന്യൂഡൽഹി: പന്ത്രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളിൽ കോവിഡ് വാക്സിൻ ഫലപ്രദമാണെന്ന് അമേരിക്കൻ മരുന്നുനിർമാതാക്കളായ ഫൈസർ. വാക്സിൻ 2-8 ഡിഗ്രി സെൽഷ്യസിൽ ഒരുമാസംവരെ സൂക്ഷിക്കാനാകുമെന്നും കമ്പനി അവകാശപ്പെട്ടു.

കമ്പനി അധികൃതരും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തി. ഈവർഷം അഞ്ചുകോടി വാക്സിനാണ് കമ്പനി ഇന്ത്യക്ക് നൽകുക. കുട്ടികളിലും ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഫൈസർ വാക്സിൻ പരമാവധി ഉടൻ സംഭരിക്കാൻ ശ്രമം നടത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു.

അമേരിക്കയുടെതന്നെ മൊഡേണ കമ്പനിയുടെ വാക്സിനും അടുത്തവർഷം ഇന്ത്യയിലെത്തും. മുംബൈ ആസ്ഥാനമായ മരുന്നുകമ്പനി സിപ്ല മുഖേനയാണ് മൊഡേണ എത്തുക.

Content highlights: Pfizer tells Centre its vaccine suitable for 12 years and above