ന്യൂഡൽഹി: കേന്ദ്രസർക്കാർ ഫണ്ടനുവദിച്ചാൽ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകാൻ വിരോധമില്ലെന്ന് ഇ.പി.എഫ്.ഒ. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) അറിയിച്ചു. ഫണ്ടനുവദിക്കാൻ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടതായി തൊഴിൽവകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയെ ഇ.പി.എഫ്.ഒ. അറിയിച്ചതായാണ്‌ വിവരം. അതേസമയം, ഉയർന്ന പെൻഷൻ ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന ശക്തമായ നിലപാടിലാണ് കേന്ദ്രസർക്കാർ.

രണ്ടാം കോവിഡ് തരംഗത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായ ഇ.പി.എസ്. കേസ് മാസങ്ങൾക്കുശേഷം ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുമ്പോൾ രാജ്യത്തെ ലക്ഷക്കണക്കിന്‌ പെൻഷൻകാർ പ്രതീക്ഷയിലാണ്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന്‌ വഴിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേ ഇ.പി.എഫ്.ഒ.യും തൊഴിൽമന്ത്രാലയവും നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് കേൾക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ 2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് അപ്പീൽ വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഉയർന്ന പെൻഷൻ അനുവദിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുമില്ല.

കേന്ദ്രനിലപാട്:

ഹൈക്കോടതി വിധി നടപ്പാക്കിയാൽ ഇ.പി.എസിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകും. വിധി കാരണം 50 മടങ്ങുവരെയാണ് പെൻഷൻ വർധിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ സ്വമേധയാ അംഗമാകുന്നവരും നിർബന്ധിത അംഗങ്ങളുമുണ്ടെന്ന കാര്യംപോലും ഹൈക്കോടതി കണക്കിലെടുത്തില്ല. 2014 സെപ്റ്റംബർ ഒന്ന്‌ മുതൽ ഇ.പി.എസ്. അംഗത്വം പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലെ നിർബന്ധിത അംഗങ്ങൾക്ക്‌ മാത്രമാക്കിയിരുന്നു. എന്നാൽ, മുഴുവൻ അംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് പറയുകവഴി അതിന്റെ ലക്ഷ്യംതന്നെ ഹൈക്കോടതി വിധി ഇല്ലാതാക്കി.

ഇ.പി.എസിന് വ്യക്തിഗത അക്കൗണ്ടുകളില്ലാത്തതിനാൽ പെൻഷൻ വർധിച്ചുകിട്ടാൻ ഇ.പി.എസിലേക്ക് മുൻകാലപ്രാബല്യത്തോടെ സംഭാവന നൽകാനുള്ള നിർദേശം തെറ്റാണ്. യഥാർഥ കണക്കുകൾക്കുപകരം അടിസ്ഥാനമില്ലാത്ത പത്രറിപ്പോർട്ടുകളെ വിശ്വസിച്ചുകൊണ്ട്, ഇ.പി.എഫ്.ഒ.യിൽ പ്രവർത്തനക്ഷമമല്ലാത്ത തുക കെട്ടിക്കിടക്കുന്നെന്ന കണ്ടെത്തലാണ് ഹൈക്കോടതി നടത്തിയത്.

പാർലമെന്ററി സമിതി:

സുപ്രീംകോടതി വിധിയുണ്ടായിട്ടും പുനഃപരിശോധനാ ഹർജി നിലനിൽക്കുന്ന കാരണം പറഞ്ഞ് ഉയർന്ന പെൻഷൻ നിഷേധിക്കുന്ന ഇ.പി.എഫ്.ഒ.യുടെ നടപടിയും ഒക്ടോബറിൽ ചേർന്ന പാർലമെന്റിന്റെ തൊഴിൽവകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റിയോഗം ചോദ്യംചെയ്തിരുന്നു.

ഹൈക്കോടതിവിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകുമ്പേൾ ഇ.പി.എഫ്.ഒ.യുടെ ഭരണസമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സി.ബി.ടി.) അനുമതി നേടിയിരുന്നില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ പറയുന്നു.

പെൻഷൻ വിഹിതം പിടിക്കാൻ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപ പരിധി നിശ്ചയിച്ചത് ഹൈക്കോടതി എടുത്തുകളഞ്ഞിട്ടും ഉയർന്ന പെൻഷൻ നൽകാത്തതിനെ സമിതി ചോദ്യംചെയ്തിരുന്നു. എന്നാൽ, പെൻഷൻ ഫണ്ടിൽനിന്ന്‌ മാത്രമേ പെൻഷൻ നൽകാനാകൂവെന്നും ഉയർന്ന തുക നൽകണമെങ്കിൽ അതിന്‌ കേന്ദ്രം ഫണ്ടനുവദിക്കണമെന്നുമാണ് ഇ.പി.എഫ്.ഒ. പറയുന്നത്.