ന്യൂഡൽഹി: തുടർച്ചയായി രണ്ടാംദിവസവും പെട്രോൾ, ഡീസൽ വില ലിറ്ററിന് 60 പൈസ വീതം എണ്ണക്കമ്പനികൾ വർധിപ്പിച്ചു. ഇതോടെ പെട്രോളിന് ഡൽഹിയിൽ 72.46 രൂപയും ഡീസലിന് 70.59 രൂപയുമായി.

എണ്ണവിലയിൽ 82 ദിവസം മാറ്റംവരുത്താതിരുന്നതിനുശേഷം ഞായറാഴ്ചയാണ് പ്രതിദിനവില പരിഷ്‌കരണം നടപ്പാക്കിയത്. രണ്ടുദിവസംകൊണ്ട് 1.20 രൂപയാണ് കൂട്ടിയത്.

നിലവിൽ ഒരു ലിറ്റർ പെട്രോൾ വിലയിൽ 32.98 രൂപയും ഡീസൽ വിലയിൽ 31.83 രൂപയും എക്‌സൈസ് തീരുവയാണ്. 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോൾ ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്‌സൈസ് തീരുവ.

മാർച്ച് 14-ന് കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ മൂന്നുരൂപ വീതം വർധിപ്പിച്ചതിനെത്തുടർന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിന വില പരിഷ്‌കരണം നിർത്തിവെച്ചത്. അന്നത്തെ തീരുവ വർധന ഉപയോക്താക്കളിലേക്ക് എണ്ണക്കമ്പനികൾ കൈമാറിയിരുന്നില്ല. മറിച്ച് അന്താരാഷ്ട്ര വിപണിയിലെ വിലത്തകർച്ചയിൽനിന്നുള്ള നേട്ടത്തിലേക്ക് തട്ടിക്കിഴിച്ചു.

പിന്നീടും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞുവന്ന് ഏപ്രിലിൽ ഏറ്റവും താഴ്ന്നനിലയിലായി. ഇതോടെ എണ്ണക്കമ്പനികൾക്ക് വലിയ നേട്ടമുണ്ടായെങ്കിലും അത് ഉപയോക്താക്കൾക്ക് കൈമാറിയില്ല. പകരം, മേയ് ആറിന് കേന്ദ്ര സർക്കാർ പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപവും വീതം വീണ്ടും എക്‌സൈസ് തീരുവ വർധിപ്പിച്ചപ്പോൾ അതിലേക്ക് തട്ടിക്കിഴിച്ചു. കൂടുതൽ ശുദ്ധമായ ബി.എസ്-6 ഇന്ധനത്തിന് ലിറ്ററിന് ഒരുരൂപ അധികമുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിൽ വിലകുറഞ്ഞതിനാൽ അത് ഈടാക്കിയില്ല.