മുംബൈ: മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുന്നു. ബുധനാഴ്ച മുംബൈയിൽ പെട്രോളിന്റെ വില ലിറ്ററിന് 90.60 രൂപയും ഡീസലിന്റെ വില 80.78 രൂപയിലുമെത്തി. ഡൽഹി, ചെന്നൈ, കൊൽക്കത്ത നഗരങ്ങളെ അപേക്ഷിച്ച് മുംബൈ നഗരത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഏറ്റവും കൂടുതൽ.

ഡൽഹിയിൽ പെട്രോളിന്റെ വില ലിറ്ററിന് 83.97 രൂപയും ഡീസൽ വില ലിറ്ററിന് 74.11 രൂപയുമാണ്. ചെന്നൈയിൽ ഇത് യഥാക്രമം 86.75 രൂപയും 77, 60 രൂപയും കൊൽക്കത്തയിൽ 85.44 രൂപയും 77.70 രൂപയും ആണ്. മുംബൈയിൽ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനിടയ്ക്കുള്ള ഡീസലിന്റെ കൂടിയ വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.

രാജ്യത്ത് കഴിഞ്ഞ മൂന്ന് ആഴ്ചയായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധനവില 2018 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചുതുടങ്ങിയത്. ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉത്പന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് വില വർധനയ്ക്ക്‌ കാരണം.