ന്യൂഡല്‍ഹി: മൃഗക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ 'പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സി'ന്റെ (പെറ്റ) 'നല്ല അമ്മ' പുരസ്‌കാരം 'ഗൃഹലക്ഷ്മി' ദ്വൈവാരികയ്ക്ക്. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഡല്‍ഹിയിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

'തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്കു മുലയൂട്ടണം' എന്ന ടാഗിങ്ങോടെ മുലയൂട്ടലിനു പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച പതിപ്പാണ് അവര്‍ഡിനര്‍ഹമായത്.

എല്ലാ സസ്തനികളും പാലുത്പാദിപ്പിക്കുന്നത് അവയുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ്. അതേ ഗണത്തില്‍പ്പെട്ട മനുഷ്യര്‍ക്കും പാലൂട്ടുന്നതില്‍ അഭിമാനം തോന്നണമെന്നും 'പെറ്റ' ഇന്ത്യയുടെ വക്താവ് നേഹാ സിങ് പറഞ്ഞു.

കുഞ്ഞുങ്ങളെ കുപ്പിപ്പാലിനു പ്രേരിപ്പിക്കുമ്പോള്‍ അവര്‍ക്കു നല്‍കുന്നത് പശുവിന്റെയോ എരുമയുടെയോ പാലാണ്. അതിലൂടെ മൃഗങ്ങളുടെ കുഞ്ഞുങ്ങളുടെ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്. ഒപ്പം, മനുഷ്യശിശുക്കളില്‍ അലര്‍ജി, വിളര്‍ച്ച, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു - നേഹാ സിങ് പറഞ്ഞു.