ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസർക്കാർ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. സുപ്രീംകോടതിയിൽ. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സി.ബി.ഐ. തിങ്കളാഴ്ച മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. കേസുവിവരങ്ങൾ കൈമാറാൻ ഒന്നിലധികംതവണ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സി.ബി.ഐ. അറിയിച്ചതായാണ് അറിയുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസർകോട് പെരിയയിലെ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് കഴിഞ്ഞവർഷമാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റി സി.ബി.ഐ.ക്ക് കൈമാറി ഉത്തരവിട്ടത്. 2019 ഒക്ടോബറിൽത്തന്നെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് കേസന്വേഷണം തുടങ്ങിയിരുന്നതായി സി.ബി.ഐ. കോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്തു. ഇതുമായി ബന്ധപ്പെട്ട 33 പേരുടെ ഫോൺരേഖകളും പരിശോധിച്ചു. തുടർന്ന് കേസുസംബന്ധിച്ച റിപ്പോർട്ട് ഫെബ്രുവരിയിൽ എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതിയിൽ നൽകി. ഇതിനിടെ സി.ബി.ഐ. അന്വേഷണത്തിനെതിരേ സംസ്ഥാനസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സി.ബി.ഐ. അന്വേഷണം തുടരാനാണ് കോടതി ആവശ്യപ്പെട്ടത്. തുടർന്ന് കേസിലെ രേഖകൾ കൈമാറാൻ ക്രൈംബ്രാഞ്ചിനോട് സി.ബി.ഐ. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചതായാണ് സൂചന.

content highlights: periya murder case: kerala government not co-operating with enquiry says cbi