ന്യൂഡല്‍ഹി: ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധിപറയും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ അമ്പത്തഞ്ചിലേറെ ഹർജികളിലാണ്‌ തീർപ്പുകല്പിക്കുന്നത്.

പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനത്തിനുപുറമേ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലും ആര്‍ത്തവകാലത്ത് സ്ത്രീകളെ വിലക്കുന്നതിന്‌ നിയമപിന്‍ബലം ഇല്ലാതായി. അതിനാല്‍, പുനഃപരിശോധനാ ഹര്‍ജിയിലെ വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നു പറയാം. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറയുക. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.

സാധ്യതകള്‍ ഇങ്ങനെ

1. പുനഃപരിശോധനാ ഹര്‍ജി തള്ളിയാൽ‍

ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും പുനഃപരിശോധനാ ഹര്‍ജി തള്ളാനാണു തീരുമാനിക്കുന്നതെങ്കില്‍ തിരുത്തല്‍ഹര്‍ജിയെന്ന പരിമിതസാധ്യത മാത്രം. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരും വിധിപറഞ്ഞ കേസിലെ ജഡ്ജിമാരുണ്ടെങ്കില്‍ അവരും ചേര്‍ന്ന് ചേംബറിലാണ് തിരുത്തല്‍ഹര്‍ജി പരിഗണിക്കുക. വിധിയില്‍ സ്വാഭാവികനീതിയുടെ ലംഘനമുണ്ടായെന്നും ജഡ്ജിമാരുടെ ഭാഗത്തുനിന്ന് പക്ഷപാതമുണ്ടായെന്നും ബോധിപ്പിക്കാനായാലേ തിരുത്തല്‍ഹര്‍ജി പരിഗണിക്കൂ. ഹര്‍ജിക്ക് അടിസ്ഥാനമില്ലെങ്കില്‍ പരാതിക്കാരനു കോടതിച്ചെലവു ചുമത്താം.

2. പുനഃപരിശോധിക്കാന്‍ തീരുമാനിച്ചാല്‍

ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ പഴയ വിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികള്‍ക്ക്‌ നോട്ടീസയച്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും. കക്ഷികള്‍ക്ക്‌ വിശദമായി വാദങ്ങള്‍ അവതരിപ്പിക്കാം.

3. വിശാലബെഞ്ചിന്‌ വിട്ടാൽ ഏഴംഗബെഞ്ചിന്‌ വിടാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെയെങ്കില്‍ പഴയവിധി സ്റ്റേ ചെയ്തേക്കും. പിന്നീട്, ഏഴംഗബെഞ്ച് രൂപവത്കരിച്ച് വാദം കേള്‍ക്കാന്‍ നിശ്ചയിക്കുന്നത് എപ്പോഴാകുമെന്നെല്ലാം ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയിലെ നിയമപരമായ ചില ചോദ്യങ്ങള്‍മാത്രം വിശാലബെഞ്ചിലേക്ക്‌ വിടുകയുമാകാം.

Content highlights: People of Kerala waiting for  Sabarimala Verdict