ജമ്മു: ജമ്മുകശ്മീരിലെ ജനങ്ങൾ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തപ്പെടേണ്ടവരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഞായറാഴ്ച ജമ്മുവിലെ ഭഗവതിനഗർ പ്രദേശത്ത് പൊതുറാലിയിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ത്രിദിനസന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ചയാണ് അദ്ദേഹം കശ്മീരിലെത്തിയത്.

കശ്മീരിന്റെ വികസനത്തിന് ഇപ്പോൾ ആർക്കും ഒരു തടസ്സവും സൃഷ്ടിക്കാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇതുവരെ 12,000 കോടി രൂപയുടെ നിക്ഷേപം നടത്തി. അടുത്തവർഷം അവസാനത്തോടെ 51,000 കോടി രൂപയുടെ വികസനപദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. കശ്മീരിൽ ഒരു സാധാരണക്കാരൻപോലും കൊല്ലപ്പെടാൻ അനുവദിക്കില്ല. യുവാക്കളുടെ പൂർണപിന്തുണകൂടിയുണ്ടെങ്കിൽ ഭീകരതയെ തുടച്ചുനീക്കാൻ സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ജമ്മുവിൽ 210 കോടിരൂപ ചെലവിൽ നിർമിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) കാമ്പസ് ഉദ്ഘാടനംചെയ്തശേഷമാണ് അദ്ദേഹം റാലിയിൽ പങ്കെടുത്തത്. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. റാലിക്കുശേഷം അമിത് ഷാ ഡിജിയാന ഗുരുദ്വാരയിൽ പുഷ്പാർച്ചന നടത്തി.

മാതാ വൈഷ്ണോദേവിയുടെയും രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ശ്യാമപ്രസാദ് മുഖർജിയുടെയും മണ്ണാണ് ജമ്മുകശ്മീരെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ജമ്മുവിൽ ഒരുക്കിയത്. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ഇതാദ്യമായാണ് ഷാ കശ്മീരിലെത്തുന്നത്. 

Content Highlights: People of Jammu will no longer be sidelined: Amit Shah in Jammu and Kashmir