ന്യൂഡൽഹി: ജീവനക്കാർ വിരമിക്കുന്ന സമയത്ത് നിലവിലുള്ള ചട്ടപ്രകാരമാണ് പെൻഷൻ കണക്കാക്കേണ്ടതെന്ന് സുപ്രീംകോടതി. ഒരേ സേവനസ്ഥിതിയിലുള്ള ജീവനക്കാരോട് ഇക്കാര്യത്തിൽ വ്യത്യസ്തസമീപനം പാടില്ലെന്നും ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേരള ഹൈക്കോടതി വിധിക്കെതിരേ കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ലക്ചറർ ആയിരുന്ന ഡോ. ജി. സദാശിവൻ നായർ നൽകിയ അപ്പീൽ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിവിധി. കേരള സർവീസ് ചട്ടത്തിലെ പാർട്ട് മൂന്ന് ചട്ടം 25(എ) പ്രകാരം അഭിഭാഷകവൃത്തി ചെയ്ത എട്ടുവർഷംകൂടി പെൻഷൻ ആനുകൂല്യങ്ങൾക്കായി പരിഗണിക്കണമെന്ന സദാശിവൻ നായരുടെ അപേക്ഷ സർവകലാശാല തള്ളിയിരുന്നു. അതേസമയം, സമാനസ്ഥിതിയിലുള്ള മറ്റൊരാൾക്ക് ഈ ആനുകൂല്യം നൽകുകയും ചെയ്തു. ഇതിനെതിരേ നൽകിയ പരാതി ഹൈക്കോടതിയും തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പരാതിക്കാരന് പെൻഷൻ ആനുകൂല്യം തള്ളിയ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. പെൻഷൻ ആനുകൂല്യത്തിൽ വരുത്തിയ കുറവ് കണക്കാക്കി വിരമിച്ച 2007 മുതൽ അഞ്ചുശതമാനം പലിശസഹിതം രണ്ടുമാസത്തിനകം സദാശിവൻ നായർക്ക് നൽകാനും സുപ്രീംകോടതി വിധിച്ചു.

1984-ലാണ് സദാശിവൻ നായർ ലക്ചറർ ആയി നിയമിക്കപ്പെട്ടത്. അതിനുമുമ്പ്‌ 1972 മുതൽ 1980 വരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. തുടർന്ന് യു.ജി.സി. ഫെലോഷിപ്പോടുകൂടി പിഎച്ച്.ഡി. ചെയ്യുകയും 1984 വരെ വീണ്ടും അഭിഭാഷകജോലി തുടരുകയും ചെയ്തിരുന്നു.