ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എട്ടുശതമാനം പലിശ നിരക്കില്‍ ആദായംലഭിക്കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. എല്‍.ഐ.സി. വഴിയാണ് പദ്ധതി നടപ്പാക്കുക.
10 വര്‍ഷത്തെ നിക്ഷേപത്തിന് വര്‍ഷത്തില്‍ എട്ടുശതമാനം പലിശ നിരക്കില്‍ ആദായം ലഭ്യമാക്കുന്നതാണ് പദ്ധതി. മാസത്തിലോ മൂന്നുമാസത്തിലോ ആറുമാസത്തിലോ വര്‍ഷത്തിലൊരിക്കലോ പെന്‍ഷന്‍ കൈപ്പറ്റാം. 60 വയസ്സ് തികഞ്ഞവര്‍ക്കേ പദ്ധതിയില്‍ ചേരാന്‍ പറ്റൂ.

ഗ്രാമീണമേഖലയിലെ ഭവനവായ്പയ്ക്ക് മൂന്നുശതമാനം പലിശയിളവ്
 
ഗ്രാമീണമേഖലയില്‍ ഭവനനിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പുതിയ വീടുവെക്കാനും നിലവിലുള്ളത് പുതുക്കിപ്പണിയാനും എടുക്കുന്ന രണ്ടുലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് മൂന്നുശതമാനം പലിശയിളവ് നല്‍കുന്നതാണ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രകാരം ആനുകൂല്യം ലഭിക്കാത്തവര്‍ക്കായിരിക്കും സബ്‌സിഡി നല്‍കുക. നാഷണല്‍ ഹൗസിങ് ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്. പി.എം.എ.വൈ. പ്രകാരമുള്ള സാങ്കേതികസഹായം പദ്ധതിക്ക് ലഭ്യമാക്കും.