കൊൽക്കത്ത: പെഗാസസ് ചാര സോഫ്റ്റ്‍വേർ ഉപയോഗിച്ചുനടത്തിയ ഫോൺചോർത്തൽ അന്വേഷിക്കാൻ പശ്ചിമബംഗാൾ സർക്കാർ കമ്മിഷനെ നിയോഗിച്ചു. ന്യൂഡൽഹിയിലേക്ക് പുറപ്പെടുംമുൻപ് മുഖ്യമന്ത്രി മമതാ ബാനർജി പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ലൊക്കൂർ, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ജ്യോതിർമയ് ഭട്ടാചാര്യ എന്നിവരങ്ങിയ കമ്മിഷനാണ് അന്വേഷണം നടത്തുക. 1952-ലെ എൻക്വയറി ആക്ട് പ്രകാരമാണ് കമ്മിഷന് രൂപംകൊടുത്തത്.

മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് കമ്മിഷനെ വെക്കുന്നതെന്ന് മമത പറഞ്ഞു. ബംഗാളിലെ ഒട്ടേറെപ്പേരുടെ ഫോൺ ചോർത്തിയെന്നാണ് വിവരം. രാഷ്ട്രീയക്കാർമുതൽ ന്യായാധിപൻമാർവരെ പലരുടെയും ഫോൺ ചോർത്തി. ഇതിനെതിരേ പാർലമെന്റിൽ ഞങ്ങൾ പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഒരു നടപടിയുമെടുത്തില്ല. അതിനാലാണ് ഞങ്ങൾതന്നെ കമ്മിഷനെ വെക്കുന്നത് -മമത പറഞ്ഞു.

പശ്ചിമബംഗാളിന്റെ മാതൃക പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും ഈ വിഷയത്തിൽ അന്വേഷണകമ്മിഷനെ വെക്കാൻ തയ്യാറാവുമെന്ന് മമത പ്രത്യാശിച്ചു. ഇനിയും ഉണരാത്തവർ ഉണർന്നുപ്രവർത്തിക്കണം -മുഖ്യമന്ത്രി പറഞ്ഞു.