ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിന് ഇരകളായ പരഞ്‌ജോയ് ഗുഹ താക്കൂർത്താ, എസ്.എൻ.എം. ആബ്ദി, പ്രേം ശങ്കർ ഝാ, രൂപേഷ് കുമാർ സിങ്, ഇപ്‌സാ ശതാക്ഷി എന്നീ മാധ്യമപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു. പെഗാസസ് വിഷയത്തിൽ നേരത്തേ ഫയൽചെയ്യപ്പെട്ട ഹർജികൾ സുപ്രീംകോടതി വ്യാഴാഴ്ച കേൾക്കാനിരിക്കേയാണിത്.

പെഗാസസ് ഉപയോഗിച്ചതുസംബന്ധിച്ച അന്വേഷണം, അനുമതി നൽകൽ, ഉത്തരവുകൾ എന്നിവയുടെ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഇത്തരം ചാര സോഫ്റ്റ് വേറുകളിൽനിന്ന് ഇന്ത്യൻ പൗരൻമാരെ സംരക്ഷിക്കാൻ നടപടിയെടുക്കണമന്നും ഹർജിയിലുണ്ട്.

മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, അഡ്വ. എം.എൽ. ശർമ എന്നിവർ ഫയൽചെയ്ത ഹർജികൾ വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.