ന്യൂഡൽഹി : പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് രാജ്യത്തെ പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയെയും നിരീക്ഷിച്ചെന്ന് വെളിപ്പെടുത്തൽ. ഇവർക്കുപുറമേ എയർസെൽ-മാക്സിസ്, 2ജി സ്പെക്‌ട്രം കേസ് എന്നിവ കൈകാര്യം ചെയ്ത എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ ഉപദേശകൻ വി.കെ. ജെയ്ൻ, കേന്ദ്രസർക്കാരിന്റെ നയരൂപവത്കരണത്തിൽ പങ്കാളിയായിരുന്ന നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നിവരും ചോർത്തൽ പട്ടികയിലുൾപ്പെടുന്നു.

ബി.എസ്.എഫ്. മുൻ മേധാവി കെ.കെ. ശർമ, മുൻ ഇൻസ്പെക്ടർ ജനറൽ ജഗദീഷ് മൈഥാനി, രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ മുൻ ഉദ്യോഗസ്ഥൻ ജിതേന്ദ്രകുമാർ, കരസേനാ മുൻ ഉദ്യോഗസ്ഥൻ കേണൽ മുകുൾ ദേവ്, കരസേനാ നിയമവിഭാഗത്തിലെ കേണൽ അമിത് കുമാർ എവരുടെ ഫോണുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തെന്ന് പെഗാസസ് പ്രോജക്ടിലെ ഇന്ത്യൻ പങ്കാളിയായ ‘ദ വയർ’ വെളിപ്പെടുത്തി. ഇവരുടെയാരുടെയും ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തി ചോർത്തൽ സ്ഥിരീകരിച്ചിട്ടില്ല.

2018-ൽ ബി.എസ്.എഫ്. മേധാവിയായിരിക്കേയാണ് കെ.കെ. ശർമയുടെ മൂന്നുഫോൺനമ്പറുകൾ നിരീക്ഷണപ്പട്ടികയിൽപ്പെട്ടത്. ബി.എസ്.എഫ്. യൂണിഫോമണിഞ്ഞ് ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഈ പരിപാടിയിൽ പങ്കെടുത്ത് ഒരുമാസം കഴിഞ്ഞപ്പോഴാണ് ഫോൺ ചോർത്തൽ.

അസമിൽ ജോലിചെയ്തിരുന്ന ജഗദീഷ് മൈഥാനിയുടെ ഫോൺ 2017-’19-ലാണ് നിരീക്ഷിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പ്രോജക്ടിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയുടെയും ഫോൺ ചോർത്തിയിട്ടുണ്ട്. സർവീസിൽനിന്ന് നേരത്തേ വിരമിക്കേണ്ടിവന്ന ഝാ അതിനെതിരേ 2018-ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. അന്നുമുതലായിരുന്നു നിരീക്ഷണം.

സമാധാനമേഖലയിൽ പ്രവർത്തിക്കുന്ന സൈനികർക്ക് സൗജന്യറേഷൻ നിർത്തിലാക്കിയതിനെതിരേ കേന്ദ്രപ്രതിരോധമന്ത്രാലയത്തിന് 2017-ൽ നോട്ടീസയച്ച കേണൽ മുകുൾ ദേവ് 2019-ലാണ് നിരീക്ഷണത്തിലായത്.

2017-ൽ പ്രധാനമന്ത്രിയുടെ യാത്രകളുടെ ചുമതലക്കാരനായിരുന്ന അണ്ടർ സെക്രട്ടറിയുടെ ഫോണാണ് അക്കൊല്ലം മുതൽ നിരീക്ഷണത്തിലുള്ളത്. ഇദ്ദേഹത്തിന്റെ േപര് വെളിപ്പെടുത്തിയിട്ടില്ല.

രാജേശ്വർ സിങ്ങിന്റെ രണ്ട് ഫോൺ നമ്പറുകൾ 2017 മുതൽ 2019 വരെ നിരീക്ഷിച്ചു. ഭാര്യ, സഹോദരിയും അഭിഭാഷകയുമായ ആഭ സിങ് എന്നിവരുടെ ഫോണുകളും നിരീക്ഷണപ്പട്ടികയിലുണ്ട്. 2009-ൽ രാജേശ്വർ എൻഫോഴ്സ്‌മെന്റിൽ പ്രവർത്തിക്കാൻ തുടങ്ങിയശേഷമാണ് എയർസെൽ-മാക്സിസ്, 2 ജി സ്പെക്‌ട്രം, സഹാര ഗ്രൂപ്പിന്റെ ഇടപാടുകൾ, ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങൾ അന്വേഷിച്ചത്. മുൻ സി.ബി.ഐ. ഡയറക്ടർ അലോക് വർമയോട് അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനായാണ് രാജേശ്വർ കരുതപ്പെട്ടിരുന്നത്.

മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥകൂടിയായ ആഭയുടെ ഫോൺ 2018-നും 2019-നും ഇടയിലാണ് നിരീക്ഷണത്തിനായുള്ള ഡേറ്റാബേസിൽ ഉൾപ്പെട്ടിരിക്കുന്നത്. 2018-ലാണ് വി.കെ. ജെയ്നിന്റെ ഫോൺ നിരീക്ഷിച്ചത്.